ഏറ്റുമാനൂർ: ഓപ്പറേഷൻ ക്ലീൻ ഏറ്റുമാനൂർ. ഒരാഴ്ചയ്ക്കുള്ളിൽ അകത്തായത് 14 ക്രിമിനലുകൾ. അഭിമാനത്തോടെ ഏറ്റുമാനൂർ പോലീസ് പോലീസ്.മാഫിയ സംഘങ്ങളെ തുരത്തുന്നതിനായി ക്ലീൻ ഏറ്റുമാനൂർ പദ്ധതി നടപ്പാക്കി വിജയിപ്പിച്ച് ഏറ്റുമാനൂരിൽ സമാധനം തിരികെ എത്തിച്ചു ഏറ്റുമാനൂർ പോലീസ്. ദിവസങ്ങൾക്കുള്ളിൽ നാലു കേസുകളിലായി 14 ക്രിമിനലുകളെ പോലീസിനു പിടികൂടാനായി.
രണ്ടാഴ്ച മുന്പ് വെട്ടിമുകൾ കോളനി ഭാഗത്ത് കാഞ്ഞിരപ്പള്ളി സ്വദേശികളായ രണ്ടു യുവാക്കളെ ഗുണ്ടാസംഘം ആക്രമിച്ച കേസിൽ പ്രതികളായ ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകൾ പള്ളിവാതുക്കൾ മർക്കോസ് ജോസഫ് (ബാബു-56), വലിയപറന്പിൽ ജിത്തു ജോസഫ്(26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കി ഇവരെ റിമാൻഡ് ചെയ്തു. അതിരന്പുഴയിൽ കഞ്ചാവുമായി എത്തിയ ഇന്നോവ കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു മറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന മൂന്നു പേരെ ചിങ്ങവനത്തുനിന്നു പോലീസ് പിടികൂടി.
അതിരന്പുഴ പടിഞ്ഞാറ്റുഭാഗം കോട്ടമുറി മാടപ്പള്ളി ബിബിൻ ബെന്നി (20), പാറോലിക്കൽ കൊച്ചുപറന്പിൽ ആൽബിൻ ബിജു(20), നാൽപ്പാത്തിമല തടത്തിൽ അശ്വിൻ (അന്പാടി-20) എന്നിവരാണ് അറസ്റ്റിലായത്. കോടിമതയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ടു കാണക്കാരി കടപ്പൂർ പട്ടിത്താനം മഞ്ജു ഭവനിൽ ആന്റോ വർഗീസിനെയും (30), അതിരന്പുഴ പടിഞ്ഞാറ്റുഭാഗം നാൽപ്പാത്തിമല ഒഴുവക്കണ്ടത്തിൽ ജിബിനെ(21)യും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂർ തച്ചേട്ടുപറന്പ് കോളനിയുമായി ബന്ധപ്പെട്ടുണ്ടായ വധശ്രമക്കേസിൽ എട്ടു പേരെയാണു പോലീസ് പിടികൂടിയത്.
പാലക്കാട് തൃത്താല സ്വദേശിയും ഓണംതുരുത്ത് കുറുമുള്ളൂർ വാടകയ്ക്കു താമസിക്കുന്ന ശരത് (25), തച്ചേട്ടുപറന്പിൽ ഗോപകുമാർ (34), അജയൻ (49), റെജിമോൻ (35), കലിങ്കപ്പറന്പ് ഗിരീഷ്കുമാർ (31), ഗോപാലകൃഷ്ണൻ (54), ഓണംതുരുത്ത് കുറുമുള്ളൂർ ശ്യാമിലി നിവാസിൽ ജയപ്രകാശ് (രാജീവ്-36), ശ്യാമിലി നിവാസിൽ ഷാജിമോൻ (ചാക്കോ-50) എന്നിവരെയാണു പിടികൂടിയത്.
ഇവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ സമീപത്തുണ്ടായ സംഘർഷത്തെത്തുടർന്നു കുമ്മനം സ്വദേശിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് ഇടുക്കി വെള്ളിയാനിമറ്റം കാഞ്ഞിരംകുഴി കെ.എസ്. ഗിരീഷ് അറസ്റ്റിലായത്. ഇയാളും റിമാൻഡിലാണ്.
ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ, ഏറ്റുമാനൂർ എസ്എച്ച്ഒ രാജേഷ് കുമാർ, എസ്ഐ ടി.എസ്. റെനീഷ്, ഗാന്ധിനഗർ എസ്ഐ പ്രശോഭ്, സിവിൽ പോലീസ് ഓഫീസർമാരായ സാബു മാത്യു, പി.ജെ. സാബു, രാജേഷ്, വി.കെ. അനീഷ്, രാകേഷ്, പ്രവീണ്, സുനിൽ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.