കൊല്ലം: സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ച് വരെ ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് നടത്തിയ പരിശോധനയിൽ നിരവധിപേർ പിടിയിലായി.
ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാന്റുകൾ റെയിൽവേ സ്റ്റേഷനുകൾ ഷോപ്പിംഗ് മാളുകൾ, പ്രധാനപ്പെട്ട ജംഗ്ഷനുകൾ തുടങ്ങിയ സ്ഥലങ്ങളിലെ പെണ്‍കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിലേക്കും, പൂവാലശല്യം, ഇരുചക്രവാഹനങ്ങളുടെ അമിതവേഗത, തുടങ്ങിയവയ്ക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനും വേണ്ടി ശ്രദ്ധ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ഫ്ളവർ ടെയി എന്ന പ്രത്യേക കോന്പിംഗ് ഓപ്പറേഷനിൽ 71 പേർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു.
പ്രത്യേക പരിശോധനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപം പെണ്‍കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾക്കെതിരെ ഏഴ് കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് അമിതവേഗത്തിലും മദ്യപിച്ചും വാഹനം ഓടിച്ചതിന് 59 പേർക്കെതിരേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും കലാലയപരിസരങ്ങളിൽ മദ്യപിച്ചതിനും 10 പേർക്കെതിരേയും കേസെടുത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് വാഹന പരിശോധന നടത്തിയതിൽ മതിയായ രേഖകളില്ലാത്ത 13 വാഹനങ്ങൾ കണ്ടെടുത്തിട്ടുള്ളതും ആയതിനെതിരെ കോടതികൾ മുഖേന നിയമ നടപടികൾ സ്വീകരിക്കുനമെന്ന് പോലീസ് അറിയിച്ചു.
കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശപ്രകാരം സബ് ഡിവിഷണൽ ഓഫീസർമാരായ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തത്.
വരുംദിവസങ്ങളിൽ ഇത്തരം അപ്രതീക്ഷിത പരിശോധനകൾ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിൽ തുടരുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.