ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ഡോക്ടർ ശസ്ത്രക്രിയാ ഉപകരണം മറന്നുവച്ചു. ഹൈദരാബാദിലെ നൈസാം ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിലാണ് സംഭവം. ഒക്ടോബർ 31ന് ഹെർണിയയെ തുടർന്ന് വയറ്റുവേദനയുമായി എത്തിയ മുപ്പത്തിമൂന്നുകാരിയായ മഹേശ്വരി ചൗധരിക്കു നവംബർ രണ്ടിനു ശസ്ത്രക്രിയ നടത്തുകയും 12ന് ഡിസാചാർജ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, വീട്ടിലെത്തി ആഴ്ചകൾക്കകം കഠിനമായ വയറ്റുവേദന വീണ്ടും അനുഭവപ്പെട്ടു. ചികിത്സകൾ ഫലിക്കാതെ വന്നതോടെയാണ് മൂന്നു മാസത്തിനു ശേഷം ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിൽതന്നെ മഹേശ്വരി ചികിത്സയ്ക്കെത്തിയത്. പരിശോധനയുടെ ഭാഗമായി എടുത്ത എക്സ് റേയിലാണ് ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന ചവണ(ഫോർസെപ്സ്) രോഗിയുടെ വയറ്റിനുള്ളിൽ മറന്നുവച്ചതു കണ്ടെത്തിയത്.
പ്രഥമപരിഗണന നൽകുന്നതു രോഗിക്കാണെന്നും അതുകൊണ്ടു പിഴവ് കണ്ടെത്തിയ ഉടൻ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചതായും നിംസ് ഡയറക്ടർ ഡോ. കെ. മനോഹർ അറിയിച്ചു. രോഗിയുടെ ബന്ധുക്കൾ ആശുപത്രിക്കു പുറത്തു പ്രതിഷേധിച്ചു. അന്വേഷിക്കാൻ സമിതിയെ നിയമിച്ചതായി ഡോ. കെ. മനോഹർ അറിയിച്ചു. ഡോ. ബീരപ്പ, ഡോ. വേണു, ഡോ.വർമ എന്നിവരാണ് വിവാദമായ ശസ്ത്രക്രിയാ സംഘത്തിലുണ്ടായിരുന്നത്.