തിരുവനന്തപുരം/തൃശൂർ: സംസ്ഥാനത്ത് അവയവ കച്ചവട മാഫിയ സജീവമാണെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ ക്രൈംബ്രാഞ്ച് എസ്പി കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. രണ്ടു വർഷത്തിനുള്ളിൽ നടന്നിട്ടുള്ള അവയവ കൈമാറ്റം അന്വേഷിക്കാനാണു നിർദേശം.
മൃതസഞ്ജീവനി അടക്കമുള്ള സർക്കാർ സംവിധാനങ്ങൾ അട്ടിമറിച്ചാണ് അവയവ കൈമാറ്റം നടക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥരുൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുള്ളതിനാലാണ് അവയവ കച്ചവട മാഫിയയുടെ പ്രവർത്തനം തുടരുന്നതെന്നു ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്ത്, സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെത്തുടർന്നാണ് ഇതുസംബന്ധിച്ച വിശദമായ അന്വേഷണം വേണമെന്നു നിർദേശിച്ചത്. ഏജന്റുമാർ വഴി പണം വാങ്ങിയാണ് അവയവ കൈമാറ്റം നടത്തുന്നത്.
കൊടുങ്ങല്ലൂരിൽ അവയവദാനത്തിനു തയാറായ ആൾക്കു മതിയായ പ്രതിഫലം നൽകിയില്ലെന്ന ആരോപണം അടുത്ത നാളിൽ ഉയർന്നിരുന്നു.
വൃക്ക വിലയ്ക്കു വാങ്ങുന്നവർ മൂന്നു മുതൽ 30 വരെ ലക്ഷം രൂപയാണ് രോഗികളുടെ ബന്ധുക്കളിൽനിന്നു തട്ടിയെടുക്കുന്നത്. പണം നൽകാതെ കബളിപ്പിക്കുന്ന മറ്റ് അനേകം സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരം പരാതികളും പോലീസിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
മസ്തിഷ്ക മരണശേഷം അവയവദാനം നടത്താനും ആവശ്യമുള്ളവർക്കു ബന്ധുക്കൾ അതു നൽകാനും തയാറായാൽ അവയവദാന രംഗത്തെ തട്ടിപ്പും മാഫിയാ പ്രവർത്തനങ്ങളും ഇല്ലാതാകുമെന്ന് കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ സ്ഥാപക ചെയർമാൻ ഫാ. ഡേവിസ് ചിറമ്മൽ പറഞ്ഞു.
സംസ്ഥാനത്ത് അവയവ കൈമാറ്റത്തിനായി 35 ആശുപത്രികളാണുള്ളത്. എന്നാൽ കൈമാറ്റങ്ങളെല്ലാം ഇതിനു പുറത്താണു നടക്കുന്നതെന്നും കഴിഞ്ഞ 19നു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.