ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്നും ജീവന് കൈയ്യില്‍ പിടിച്ച് രക്ഷപ്പെട്ടതിന്റെ കഥകളാണ് ഇപ്പോള്‍ നിരവധി ഇന്ത്യക്കാരുടെ വാക്കുകളിലൂടെ പുറത്തു വരുന്നത്.
പലരുടെയും ശ്വാസം നേരെവീണത് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങുമ്പോള്‍ മാത്രമായിരുന്നു. ഡോ.രൂപേഷ് ഗാന്ധിയും പങ്കുവെയ്ക്കുന്നത് ഈ അതിജീവനത്തിന്റെ കഥയാണ്.
ഓപ്പറേഷന് കാവേരിയില്‍ സുഡാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യാക്കാര്ക്കൊപ്പമായിരുന്നു രൂപേഷിന്റെയും മടക്കം. സുഡാനില്‍ നിന്നും വന്ന ഇന്ത്യാക്കാരുടെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയാണ്.
അവിടെ കനത്ത വെടിവെപ്പും ബോംബിംഗും തുടരുകയാണെന്നും സഹപ്രവര്‍ത്തകരില്‍ ഒട്ടേറെപ്പേര്‍ മരണമടഞ്ഞെന്നും ഇനി സുഡാനിലേക്കില്ലെന്നും ഭാര്യയുമൊത്ത് ജന്മനാടായ ഗുജറാത്തിലേക്ക് മടങ്ങുന്ന വേളയില്‍ ഗാന്ധി പറയുന്നു.
സുഡാനിലെ അവസാനദിനങ്ങള്‍ ഭീതിദമായിരുന്നെന്നാണ് ഗാന്ധിയുടെ ഭാര്യ റീന പറയുന്നു. വൈദ്യുതിയോ കുടിവെള്ളമോ പോലും ഉണ്ടായിരുന്നില്ല.
ജദ്ദയില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ 367 യാത്രികര്‍ക്കൊപ്പമായിരുന്നു ഇവരും വന്നത്.
സുഡാന് തുറമുഖത്ത് നിന്നും സൗദി തുറമുഖത്ത് എത്തിയ അവര്‍ അവിടെ നിന്നുമാണ് ഇന്ത്യയില്‍ എത്തിയത്. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈന്യവും തമ്മിലുള്ള പോരാട്ടത്തിന് നേര്‍സാക്ഷ്യം വഹിച്ചവരായിരുന്നു വന്നവരില്‍ അധികവും.
രാത്രി 9.11 ന് വിമാനത്തില്‍ നിന്നും ‘ജയ് ശ്രീറാം’ വിളികളോടെയാണ് പലരും പുറത്തേക്ക് ഇറങ്ങിയത്. മിസൈല്‍, ബോംബ് ആക്രമണങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെയാണ് അപകടകരമായ യാത്ര തന്നെ തെരഞ്ഞെടുക്കാന്‍ ഓരോരുത്തരേയും പ്രേരിപ്പിച്ചത്.
അപകടകരമായ സാഹചര്യത്തിലൂടെ 900 കിലോമീറ്റര്‍ ബസില്‍ സഞ്ചരിച്ചാണ് തലസ്ഥാന നഗരമായ ഖാര്‍ത്തൂമില്‍ നിന്നും സുഡാന് തുറമുഖത്ത് വന്നത്.
50ലധികം വരുന്ന ഇന്ത്യാക്കാര്‍ക്ക് സുഡാന് തുറമുഖത്ത് എത്താന്‍ ഒരു ബസ് സജ്ജമാക്കി. തുടര്‍ന്ന് ഇന്ത്യന്‍ എംബസിയെ സമീപിച്ചു.
കടുത്ത പോരാട്ടം നടക്കുമ്പോള്‍ യാത്ര ചെയ്യുന്നത് ഏറെ ദുഷ്ക്കരമായ കാര്യമായിരുന്നെന്നാണ് ഭാര്യയും രണ്ടു മക്കളുമായി എത്തിയ സിദ്ധാര്‍ത്ഥ് റായി പറഞ്ഞത്.
വെള്ളവും ഭക്ഷണവുമില്ലാതെ സുഡാനില്‍ കഴിയുക കൂടുതല്‍ ദുഷ്ക്കരമായിരുന്നെന്ന് റായിയുടെ ഭാര്യ നേഹയും പറയുന്നു.
പോരാട്ടം ആരംഭിച്ചതോടെ എല്ലാവരും വീട്ടിനുള്ളില്‍ ഇരിക്കാന്‍ നിര്‍ബ്ബന്ധിതമായി. ഇതോടെ കടകമ്പോളങ്ങളും അടഞ്ഞു. ഇതിനിടയില്‍ ചിലര്‍ കൊള്ളയടിക്കലും തുടങ്ങി.
അവര്‍ തന്റെ മൊബൈല്‍ഫോണും പണവും തട്ടിയെടുത്തെന്ന് മഹേന്ദ്രയാദവ് എന്നയാള്‍ പറയുന്നു. സുഡാനില്‍ ഫാക്ടറി ജീവനക്കാരനായിരുന്നു യാദവ്.
ഇന്ത്യയില്‍ എത്താനായതില്‍ പലരും സന്തോഷിക്കുകയാണ്. എന്നാല്‍ വീടും തങ്ങളുമായി ഹൃദയബന്ധമുള്ള അനേകരെയൂം വിട്ടുപോരേണ്ടി വന്നതിലെ സങ്കടം പലര്‍ക്കുമുണ്ട്.
1994 മുതല്‍ ഖാര്‍ത്തോമില്‍ ജീവിക്കുന്ന തേരേസെം സിംഗ് സെയ്നിയ്ക്ക് അവിടെ ബിസിനസാണ്. സ്ഥാപനവും വീടും വിട്ടുപോരുമ്പോള്‍ പ്രിയപ്പെട്ട വളര്‍ത്തുനായ ബ്രൗണിയെയും ഉപേക്ഷിക്കേണ്ടി വന്നു.
12 വര്‍ഷമായി കൂടെയുള്ള ബ്രൗണി തനിക്ക് സ്വന്തം മക്കളെ പോലെ ആയിരുന്നെന്നും അവനെയോര്‍ത്ത് ഏറെ ദു:ഖം തോന്നുന്നുണ്ടെന്നും പറഞ്ഞു.
രണ്ടു സ്യൂട്ട്കെയ്സുകളിലായി വാരിക്കയറ്റാന് കൊള്ളുന്ന വസ്തുക്കള്‍ മാത്രം എടുത്തുകൊണ്ടായിരുന്നു വീട് ഉപേക്ഷിച്ചുള്ള ഇവരുടെ വരവ്.