കോഴിക്കോട്: നട്ടെല്ലിന് അതിസങ്കീര്‍ണമായ വൈകല്യമുണ്ടായിരുന്ന പത്തുവയസ്സുകാരന് മേയ്ത്ര ഹോസ്പിറ്റലില്‍ വിജയകരമായി ശസ്ത്രക്രിയ നടത്തി.കുട്ടിയുടെ നട്ടെല്ലിന് 130 ഡിഗ്രിക്ക് മുകളില്‍ വളവ് ഉണ്ടായിരുന്നതിനാല്‍ ഏറെ സങ്കീര്‍ണ്ണമായ ഈ ശസ്ത്രക്രിയ സമയമെടുത്താണ് ചെയ്തതെന്ന് സ്പൈന്‍ സര്‍ജറി വിഭാഗം മേധാവി ഡോ.വിനോദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂറോഫൈബ്രോമാറ്റികസ് സ്കോളിയോസിസ് എന്ന അപൂര്‍വരോഗം ബാധിച്ച വയനാട് സ്വദേശി ജോയ്സിനാണ് സ്പൈന്‍ സര്‍ജറി ടീം(സെന്റര്‍ ഫോര്‍ബോണ്‍ ആന്‍ഡ് ജോ.കെയര്‍) ഡോക്ടര്‍ ജോര്‍ജ്ജ് എബ്രഹാം, ഡോ.നിഖില്‍ കെ.വി., മുഹമ്മദ് അയൂബ് എന്നിവരുടെ നേതൃത്വത്തില്‍ ശസ്ത്രകിയ നടത്തിയത്.
നടപടിക്രമങ്ങള്‍ അതിസങ്കീര്ണമായിരുന്നെങ്കിലും മേയ്ത്രയിലെ അതിനൂതന സാങ്കേതിക സൗകര്യങ്ങളുടെ പിന്തുണയില്‍ സ്പൈന്‍ സര്‍ജറി, അനസ്തീഷ്യ , ക്രിട്ടിക്കല്‍ കെയര്‍ , പള്‍മനോളജി, ഫിസിക്കല്‍ , മെഡിസിന് ആന്റ് റീഹാബിലിറ്റേഷന്‍ തുടങ്ങിയ വിഭാഗങ്ങളുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെയാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതെന്ന് ഡോ. വിനോദ് പറഞ്ഞു. വയനാട് നിരവില്‍ പുഴ കൊച്ചുപറമ്പില്‍ ബിനുവിന്റെയും ജാന്‍സിയുടെയും മകനാണ്.