സ്വന്തംലേഖകന്‍
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയയുടെ “ഓപ്പറേഷന്’ ! ഇരുചക്രവാഹനങ്ങള്‍ മുതല്‍ വസ്തുവകകളുടെ രേഖകള്‍ വരെ ഈടായി സ്വീകരിച്ചാണ് കൊള്ളപ്പലിശക്കാര്‍ വീണ്ടും സജീവമായത്. കോവിഡ് പ്രതിസന്ധിയിലായ ജനങ്ങൾ വളരെപ്പെട്ടെന്നു ബ്ലേഡ് മാഫിയയുടെ കൈയിൽ അകപ്പെടുന്ന സ്ഥിതിയാണ്.
ചീട്ടുകളി കേന്ദ്രങ്ങളിലും ഇത്തരം സംഘങ്ങൾ സജീവമാണ്. കോടികള്‍ ‘നിക്ഷേപിച്ചാണ്’ ഇത്തരം സംഘങ്ങള്‍ ലാഭം കൊയ്യുന്നത്.
കോഴിക്കോടുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കോടികളുടെ ചീട്ടുകളിയാണ് ദിനംപ്രതി നടക്കുന്നതെന്നും ഇത്തരം കേന്ദ്രങ്ങളില്‍ വന്‍ തുക നിക്ഷേപിക്കുകയും കിടപ്പാടത്തിന്റെ രേഖകള്‍ വരെ ഈടായി സ്വീകരിച്ചു വന്‍ തുക നല്കുന്ന മാഫിയാസംഘം സജീവമായുണ്ടെന്നും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് യുവാവിനെ പിടികൂടിയതോടെയാണ് ബ്ലേഡ് മാഫിയയുടെ പുതിയ “ഓപ്പറേഷനെ’ കുറിച്ച് പോലീസിനു കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
എടിഎമ്മുമായി ബ്ലേഡുകാര്‍
ചീട്ടുകളി കേന്ദ്രങ്ങളില്‍ ലക്ഷങ്ങളുമായാണ് ബ്ലേഡ് മാഫിയ സജ്ജമായുള്ളത്. എത്ര പണം ചോദിച്ചാലും അവ ഉടന്‍ നല്‍കാനുള്ള സൗകര്യം ഇവരൊരുക്കും. ചീട്ടുകളിക്കായി കൊണ്ടുവന്ന പണമെല്ലാം നഷ്ടപ്പെടുന്ന ഇരകളായ ‘കളിക്കാരെ ‘ മാഫിയാ സംഘം സമീപിക്കും.
ഇതിന് പലയിടത്തും പ്രത്യേകം ഏജന്റുമാരുമുണ്ടാകും. കൈവശമുള്ള സ്വര്‍ണവും മറ്റും ഈടായി നല്‍കിയാണ് ബ്ലേഡുകാര്‍ ആദ്യം പണം നല്‍കുന്നത്. ഈപണവും നഷ്ടപ്പെട്ടാല്‍ വാഹനങ്ങള്‍ ഈടായി സ്വീകരിച്ച് പണം നല്‍കാമെന്നു സംഘം വാഗ്ദാനം നല്‍കും. വാഹന രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് ഇവര്‍ പണം കൈമാറുന്നത്.
ഇത്തരത്തില്‍ ബൈക്കുകള്‍ മുതല്‍ വലിയ ആഡംബര കാറുകള്‍ വരെ ഈടായി ബ്ലേഡ് മാഫിയ സ്വീകരിക്കാറുണ്ട്. ചീട്ടുകളിക്കിടെ പണം ലഭിച്ചാല്‍ പലരും കൂടുതല്‍ ലാഭം നേടാന്‍ വീണ്ടും കളിതുടരുകയാണ് പതിവ്. കളി തുടരാന്‍ വേണ്ടി മാഫിയാ സംഘത്തിന്റെ പ്രേരണയുമുണ്ടാവും.
പണം ലഭിച്ചാലും പലരും ഈടായി നല്കിയ വസ്തുക്കള്‍ അപ്പോള്‍ തന്നെ തിരിച്ചെടുക്കാന്‍ തയാറാവില്ല. അഥവാ തയാറായാല്‍ കൊള്ളപ്പലിശ ഈടാക്കിയാണ് ബ്ലേഡ് സംഘം മുതലുകള്‍ നല്‍കുന്നത്. ആധാരം വരെ ഇപ്രകാരം ഈടായി സ്വീകരിച്ച് പണം നല്‍കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ഈടിനായി മോഷണത്തിലേക്ക്
ചീട്ടുകളിയില്‍ ആകൃഷ്ടനായി യുവാവ് ബ്ലേഡ് മാഫിയയുടെ വാഗ്ദാനങ്ങളില്‍ വീണു മോഷണത്തിലേക്കു വരെ തിരിഞ്ഞതായാണ് പോലീസ് പറയുന്നത് . കോഴിക്കോട് കുരുവട്ടൂര്‍ സ്വദേശി മുതവന പറമ്പില്‍ ഷനീദ് അറഫാത്താണ് (30) ചീട്ടുകളിക്ക് വേണ്ടി ബൈക്ക് മോഷണത്തിലേക്ക് തിരിഞ്ഞത്.
വാഹന രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കുന്ന സ്ത്രീകളുടെ ബൈക്കുകള്‍ മാത്രമായിരുന്നു ഷനീദ് മോഷ്ടിച്ചിരുന്നത്. മോഷ്ടിക്കുന്ന ബൈക്കുകള്‍ ചീട്ടുകളി സ്ഥലത്തെ ബ്ലേഡ് മാഫിയ മുമ്പാകെ പണയപ്പെടുത്തി പണം വാങ്ങി ചീട്ടുകളിക്കും. മോഷ്ടിച്ച വാഹനങ്ങളായതിനാല്‍ ബ്ലേഡ് മാഫിയയ്ക്കു പണം തിരിച്ചു നല്‍കാറില്ല.
കഴിഞ്ഞ ദിവസം ഷനീദിനെ പിടികൂടിയതോടെയാണ് ബൈക്ക് മോഷണത്തിനു പിന്നിലെ ലക്ഷ്യം പോലീസ് തിരിച്ചറിഞ്ഞത്. 50 ഓളം ബൈക്കുകള്‍ ഇത്തരത്തില്‍ മോഷ്ടിച്ചിട്ടുണ്ട്. ഇതില്‍ 11 ബൈക്കുകള്‍ ചേവായൂര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയില്‍ പലരും കവര്‍ച്ചയും മറ്റും നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
വേരറക്കാന്‍ പോലീസ്
ഓപ്പറേഷന് കുബേര നിലച്ചതോടെയാണ് ബ്ലേഡ് മാഫിയ വീണ്ടും തഴച്ചു വളരാന്‍ തുടങ്ങിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മുന്നില്‍കണ്ടുകൊണ്ട് ഗ്രാമ-നഗര വ്യത്യാസമില്ലാതെ ബ്ലേഡ് മാഫിയ വീണ്ടും സജീവമായിട്ടുണ്ട്. ഇത്തരത്തിലുള്ള സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ പോലീസ് വ്യാപക പരിശോധന ആരംഭിച്ചു.
ചീട്ടുകളി നടക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാമാണെന്നത് സംബന്ധിച്ചു സംസ്ഥാന വ്യാപകമായി രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. ഇവിടെ പ്രവര്‍ത്തിക്കുന്ന ബ്ലേഡ് സംഘത്തക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ചു വരികയാണ്. കഴിഞ്ഞ ദിവസം ചേവായൂര്‍ പോലീസ് പിടികൂടിയ ഷനീദിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
ബ്ലേഡ് മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ ഷനീദില് നിന്ന് ശേഖരിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസ് തീരുമാനിച്ചത്. സംസ്ഥാന വ്യാപകമായി പരിശോധന സ്പെഷല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.