സ്വന്തം ലേഖകന്‍
കൊച്ചി: ഒരിടവേളയ്ക്കു ശേഷം ജില്ലയില്‍ ബ്ലേഡ് മാഫിയ സംഘങ്ങള്‍ സജീവമാകുന്നു. ഓപ്പറേഷന് കുബേരയുടെ ഭാഗമായി മാഫിയ സംഘങ്ങള്‍ക്കെതിരെ എടുത്ത കേസുകളില്‍ തുടര്‍നടപടികളില്ലാത്തതാണ് ഇവര്‍ വീണ്ടും സജീവമാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, കേസുകളില്‍ അതാതു സമയങ്ങളില്‍ നടപടികളെടുക്കാറുണ്ടെന്നാണ് അധികൃതരുടെ ഭാഷ്യം. കഴിഞ്ഞ മൂന്നു മാസത്തിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച അഞ്ചോളം പരാതികള്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി അതാതു എസ്ഐമാര്‍ക്ക് കൈമാറിട്ടുണ്ടെന്ന് ക്രൈം ഡിറ്റാച്ച്മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ രമേശ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തുടക്കംകുറിച്ച ഓപ്പറേഷന് കുബേരയുടെ തുടക്കത്തില്‍ വ്യാപക പരാതികളായിരുന്നു പോലീസിനു ലഭിച്ചിരുന്നതെങ്കില്‍ നിലവില്‍ പരാതികളുടെ എണ്ണത്തില്‍ കുറവുണ്ട്. എങ്കിലും ജില്ലയില്‍നിന്നും പൂര്‍ണമായും ബ്ലേഡ് മാഫിയ സംഘത്തെ ഇല്ലാതാക്കാന്‍ പോലീസിനു സാധിച്ചിട്ടില്ല. കര്‍ഷകര്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഇടത്തരക്കാരെ ലക്ഷ്യമാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെയുള്ള സംഘം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
വട്ടിപ്പലിശയ്ക്കു പണം കൈമാറുന്ന സംഘത്തിനെതിരേ പരാതി നല്കുന്നതില്നിന്നു പലരും പിന്മാറുന്നതിനാലാണ് ഇത്തരക്കാരെ ഉന്മൂലനം ചെയ്യാന്‍ സാധിക്കാത്തതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, സംസ്ഥാന പോലീസ് മേധാവിയായി ടി.പി. സെന്‍കുമാര്‍ വീണ്ടും ചുമതലയേറ്റതോടെ ബ്ലേഡ് മാഫിയയ്ക്കെതിരേ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്നാണു പോലീസിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവില്‍ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വട്ടിപ്പലിശക്കാര്‍ 10 മുതല്‍ 20 ശതമാനംവരെ പലിശയാണ് ഈടാക്കുന്നത്. സ്ഥലത്തിന്റെ ആധാരവും സ്വര്‍ണവും ഈടായി വാങ്ങിയാണ് ഇവര്‍ പലിശക്കു പണം കൈമാറുന്നത്.
വീട്ടമ്മമ്മാരുടെ പേരിലാണു നിലവില്‍ പണമിടപാട് കൂടുതലായും നടക്കുന്നതെന്നും പോലീസ് ഉദ്യോഗസഥര്‍ പറയുന്നു. കാലാവധിക്കുശേഷം പണം തിരികെ ലഭിക്കുന്നില്ലെങ്കില്‍ വീട്ടമ്മമാരെ ഭീഷണിപ്പെടുത്തി പണം ഈടാക്കുകയെന്നതാണ് ഇത്തരം പ്രവര്‍ത്തികള്‍ക്കു പിന്നില്‍. ഓപ്പറേഷന് കുബേരയുടെ ഭാഗമായി ജില്ലയില്‍ പോലീസിനു ലഭിച്ച പരാതികളിലേറെയും വീട്ടമ്മമാരുടേതാണ്. വീടും സ്ഥലവും നഷ്ടപെട്ടവരും ആക്രമണങ്ങള്‍ക്കു വിധേയരായവരും പരാതി നല്കിയവരില് ഉള്‍പ്പെടുന്നു.
നിലവില്‍ കൊച്ചി റൂറല്‍ പോലീസ് പരിധിയിലും കൊച്ചി സിറ്റിയിലും ബ്ലേഡ് മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്കു ലഭിക്കുന്ന പരാതികള്‍ അതാതു സ്റ്റേഷന് പരിധിയിലെ ഉദ്യോഗസ്ഥര്‍ക്കു കൈമാറുന്നുണ്ടെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.