കോഴിക്കോട്: കൊള്ളപ്പലിശയ്ക്ക് കൊടുത്ത പണം തിരിച്ചടവ് മുടങ്ങിയപ്പോള്‍ യുവാവിനെ മര്‍ദിക്കുകയും ബൈക്ക് കവരുകയും ചെയ്ത സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. കൊള്ളപ്പലിശക്കാരെ കുടുക്കാനുള്ള ഓപ്പറേഷന് കുബേര നിന്നതോടെ വട്ടപ്പലിശക്കാര്‍ വീണ്ടും തലപൊക്കുന്നതായാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായ യുവാവിന് കൊള്ളപ്പലിശസംഘം പതിനായിരം രൂപയാണ് വായ്പ നല്‍കിയത്. ഇതിന്റെ പലിശ കേട്ടാല്‍ ഞെട്ടും. ദിനം പ്രതി ആയിരം രൂപ. എന്ന് പണം പൂര്‍ണമായി തിരിച്ചുനല്കുന്നോ അതുവരെ പലിശയായി ആയിരം രൂപ ദിനംപ്രതി നല്‍കണം. നാലു ദിവസമായി ഈ ആയിരം രൂപ മുടങ്ങിയതോടെയാണ് പുതിയങ്ങാടി സ്വദേശി ഷെമീറിനെകത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
ഇയാളുടെ രണ്ടു ലക്ഷം രൂപ വില വരുന്ന ബൈക്ക് പലിശസംഘം പിടിച്ചെടുക്കുകയും ചെയ്തു. 2014ൽ തിരുവനന്തപുരത്ത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക് തുടക്കമിട്ടത്.
ഓരോ ജില്ലയിലെയും ബ്ലേഡ് സംഘത്തെ തിരിച്ചറിഞ്ഞ് പ്രത്യേക സ്ക്വാഡ് സംവിധാനം ഇവരെ നിരീക്ഷിക്കുന്ന രീതിയിലായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം സ്ക്വാഡിന്റെ പ്രവര്‍ത്തനം നിര്‍ജീവമായി.കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ മൂന്ന് പേരെ കോഴിക്കോട് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
പന്നിയങ്കര ചക്കുംകടവ് സ്വദേശിയായ മുഹമ്മദ് റാഫി (32), താരിഖ്(34), പുതിയങ്ങാടി സ്വദേശി ശരത്(30) എന്നിവരാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെ വെസ്റ്റ്ഹില്‍ ഗവ. പോളിടെക്നിക്കിന് സമീപം വച്ച് ഷെമീറും റാഫിയും തമ്മില്‍ ഇതുസംബന്ധിച്ച് വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് താരിഖിന്റെയും ശരത്തിന്റെയും സഹായത്തോടെ ആക്രമിക്കുകയുമായിരുന്നു.
കത്തി ഉപയോഗിച്ച് തന്റെ നെഞ്ചില്‍ വരഞ്ഞതായും കണ്ണിനും ചെവിയിലും മര്‍ദ്ദിച്ചതായും ഷെമീര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.ആക്രമണം തടയാന്‍ ശ്രമിച്ച സുഹൃത്ത് സമീറിനും പരിക്കേറ്റിട്ടുണ്ട്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മുഹമ്മദ് റാഫിയെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. താരിഖിനെയും ശരത്തിനെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.