കുളത്തൂപ്പുഴ : 90കാരിയായ വീട്ടമ്മയേയും കുടുംബാംഗങ്ങളെയും പുറത്താക്കി വട്ടിപ്പലിശക്കാരൻ വീടുപൂട്ടി. ഏരൂർ കരിന്പിൻ കോണം സ്വദേശിനി രാജമ്മ (90) മകൻ ഹരികുമാർ, ഭാര്യ സിന്ധു, 14കാരിയായ മകളും ആറുവയസുള്ള മകനുമുൾപ്പടെയുള്ളവരെയാണ് ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലെത്തിയ വട്ടിപലിശക്കാരൻ കഴിഞ്ഞദിവസം പുറത്താക്കിയത്. ഇയാൾ കതക് പൂട്ടി കുടുംബാംഗങ്ങളെ വെളിയിലിറക്കുകയായിരുന്നു.
വർഷങ്ങൾക്ക് മുന്പ് ഹരികുമാർ ബിസിനസ് ആവശ്യ്തതിനായി പലിശയ്ക്ക് 30 ലക്ഷംരൂപയെടുത്തിരുന്നു. ഇതിൽ 25 ലക്ഷം രൂപ നൽകി. ബാക്കി അഞ്ചുലക്ഷം രൂപയുടെ രണ്ട് മാസത്തെ പലിശ മുടങ്ങിയതിനെതുടർന്നാണ് സംഘമെത്തി മുതലും പലിശയും നൽകിയിട്ട് വീട്ടിൽ കയറിയാൽമതിയെന്നുപറഞ്ഞ് വീടുപൂട്ടിയത്.
കുടുംബാംഗങ്ങളെയും കൊണ്ട് മഴയത്ത് മറ്റെങ്ങും പോകാൻ കഴിയാതെ ഹരികുമാറും കുടുംബവും വീടിന്റെ തിണ്ണയിൽ കഴിയുകയായിരുന്നു. ഇന്നലെയാണ് സംഭവം പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് ബന്ധുക്കൾ ഭക്ഷണവുമായെത്തിയെങ്കിലും ഗുണ്ടാസംഘങ്ങൾ അത് വിലക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെതുടർന്ന് പോലീസ് സംരക്ഷണമേർപ്പെടുത്തിയതായാണ് അറിവ് .