നിലന്പൂർ: നിലന്പൂർ ജില്ലാ ആശുപത്രിയിൽ രോഗിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ കുറ്റകാരനായ ഡോക്ടറെ സംരക്ഷിക്കാൻ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നീക്കമെന്ന് ആരോപണം. സംഭവത്തിൽ പിന്നാലെ കൂടരുതെന്ന് മാധ്യമങ്ങളോട് രഹസ്യമായി ആവശ്യപ്പെട്ട സുപ്രണ്ട്.
ആശുപത്രിയുടെ വികസനത്തിൽ നിർണായക പങ്കു വഹിക്കുന്ന വ്യക്തിയാണ് ആരോപിതനായ ഡോക്ടറെന്നും ഇതിനാൽ തുടർ വാർത്തകൾ നൽകരുതെന്നുമാണ് ആവശ്യപ്പെട്ടത്. ഗുരുതരമായ വീഴ്ച്ച ഡോക്ടറുടെ ഭാഗത്തു നിന്നുണ്ടായിട്ടും പ്രധാന രാഷ്ട്രീയ പാർട്ടികളോ എച്ച്എംസി അംഗങ്ങളോ ഇതുവരെ രംഗത്തു വന്നിട്ടില്ല.
സംഭവം വിവാദമായതോടെ ശസ്ത്രക്രിയക്ക് വിധേയയായ പൂക്കോട്ടുംപാടം സ്വദേശി മച്ചിങ്ങൽ ആയിഷയുടെ ബന്ധുക്കളുമായി സൂപ്രണ്ട് ചർച്ച നടത്തി. തുടർന്ന് ബന്ധുക്കൾക്ക് പരാതി ഇല്ലെന്നായിരുന്നു സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചത്.
പരാതിയുമായി പോയാൽ കൂടുതൽ ഭവിഷത്തുകൾ ഉണ്ടാക്കുമെന്ന് താക്കീത് നൽകിയതായും ആക്ഷേപമുണ്ട്. സൂപ്രണ്ടിന്റെ നിലപാടിനെതിരെ ആയിഷയുടെ ബന്ധുക്കൾ രംഗതെത്തി. അടുത്ത ദിവസം എത്തിയ ശേഷം കേസ് അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കും. ആശുപത്രി സൂപ്രണ്ട് ഡിഎംഒക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.