കൊച്ചി: കല്ലട ബസിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ് എറണാകുളം ജില്ലയിലും ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലര മുതൽ നടത്തിയ പരിശോധനകളിൽ അന്തർ സംസ്ഥാന സർവീസ് നടത്തുന്ന പത്തിലധിലകം ബസുകളിൽ ക്രമക്കേട് കണ്ടെത്തി.
എഴുപതിലധികം ബസുകളിൽ പരിശോധന നടത്തിയ അധികൃതർ വാഹനങ്ങളിൽ നിയമവിരുദ്ധമായി ചരക്കുകൾ കടത്തുന്നതായും കണ്ടെത്തി. യാത്രക്കാരുടേതല്ലാത്ത ചരക്കുകൾ ബസുകളുടെ മുകൾ ഭാഗത്തും ബസിനുള്ളിലുംവരെ സൂക്ഷിച്ച് അനധികൃതമായി കടത്തുന്നതായാണ് കണ്ടെത്തൽ. കൂടാതെ യാത്രയ്ക്കിടെ പലയിടങ്ങളിൽനിന്നും യാത്രികരെ കയറ്റി അമിത ചാർജ് ഈടാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
യാത്രയ്ക്കിടെ ചില ബസുകളിൽ പാലക്കാട്, തൃശൂർ ഭാഗങ്ങളിൽവച്ച് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായും പിഴ ഈടാക്കിയിരുന്നതായും അധികൃതർ പറഞ്ഞു. ഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിശോധനകളുടെ ഭാഗമായാണ് കൊച്ചിയിലും പരിശോധന ആരംഭിച്ചത്.
ഇന്നലെ തിരുവന്തപുരത്ത് നിരവധി ടൂറിസ്റ്റ് ബസുകളിൽ പരിശോധന നടത്തിയ അധികൃതർ 23 ബസുകളിൽനിന്ന് പിഴ ഈടാക്കിയിരുന്നു. എറണാകുളം എൻഫോഴ്സ്മെന്റ് ആർടിഒയുടെ നേതൃത്വത്തിൽ മൂന്നു പേരടങ്ങുന്ന സംഘമാണു പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയാണ് പരിശോധന. വരും ദിവസങ്ങളിൽ ബസ് കന്പനികളുടെ ഓഫീസുകളിലടക്കം സംഘം പരിശോധന നടത്തിയേക്കും. അതിനിടെ, അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളുടെ ടിക്കറ്റ് ബുക്കിംഗ് ഓഫീസുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയ മോട്ടോർ വാഹനവകുപ്പ് കേരള മോട്ടോർ വാഹന ചട്ടം 193(2) പ്രകാരം ലൈസൻസ് എടുക്കണമെന്ന് കാട്ടിയുള്ള നോട്ടീസ് നൽകിത്തുടങ്ങി.നിലവിൽ ഇത്തരത്തിൽ എത്ര ബുക്കിംഗ് ഓഫീസുകൾ പ്രവർത്തിക്കുന്നുവെന്ന വ്യക്തമായ കണക്കുകൾ അധികൃതരുടെ പക്കലില്ല.
മർദനമേറ്റ യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം കൂടുതൽ വ്യാപിപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ എന്നിവരിൽനിന്നു തൃക്കാക്കര എസിപി സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു.
പത്തിലധികംപേർ തങ്ങളെ മർദിച്ചതായാണ് ഇവരുടെ മൊഴി. യുവാക്കൾ പോലീസ് പിടിയിലായ ഏഴു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. യുവാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വ്യാപിപിക്കുമെന്നും റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.