തിരുവനന്തപുരം: ഒളിന്പിക്സിൽ മലയാളിക്ക് ഒരു മെഡൽ നേട്ടം എന്ന പ്രഖ്യാപനത്തോടെ സംസ്ഥാന സ്പോർട്സ കൗണ്‍സിൽ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഓപ്പറേഷൻ ഒളിന്പിയ പദ്ധതി ‘ഓപ്പറേറ്റ്’ ചെയ്യാൻ കഴിയാത്ത സ്ഥിതിയിൽ. 2017 മേയ് 28 ന് ഏറെ പ്രതീക്ഷയോടെ ഒൻപതിനങ്ങളോടെ പ്രഖ്യാപിച്ച പരിശീലന പദ്ധതിയിൽനിന്നു നാലിനങ്ങൾ പുറത്തായി.
പരിശീലനം നടത്തുന്ന താരങ്ങൾക്ക് ദേശീയ നിലവാരത്തിൽ പോലും എത്താൻ കഴിയാത്തതിനെ തുടർന്നാണ് നാല് ഇനങ്ങൾ ഒഴിവാക്കിയത്. ബാക്കി അഞ്ചിനങ്ങളിലാണ് ഇപ്പോൾ പരിശീലനം. എന്നാൽ, ഈ അഞ്ചിനങ്ങളിലും താരങ്ങൾക്ക് മികവ് തെളിയിക്കാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിൽ തുടർച്ചയായ വർഷങ്ങളിലെ താരങ്ങളുടെ പെർഫോമൻസ് സംബന്ധിച്ച് റിപ്പോർട്ട് നല്കാൻ കായിക മന്ത്രാലയം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു.
ബോക്സിംഗ്, ബാഡ്മിന്റൺ, റോവിംഗ്, ഫെൻസിംഗ്, അത്ലറ്റിക്സ് എന്നിവയാണ് ഓപ്പറേഷൻ ഒളിന്പിയയുടെ ഭാഗമായുള്ളത്. സൈക്ലിംഗ്, റെസ്ലിംഗ്, സ്വിമ്മിംഗ്, കാനോയിംഗ് ആൻഡ് കയാക്കിംഗ് എന്നിവ ഓപ്പറേഷൻ ഒളിന്പിയ പദ്ധതിയിൽ നിന്നു പുറത്തായി.
കാനോയിംഗ് ആൻഡ് കയാക്കിംഗ് അസോസിയേഷന്റെ ചേരിപ്പോരു മൂലം ഇതിൽ പരിശീലനം നടത്തിയിരുന്ന കായികതാരങ്ങൾക്ക് ദേശീയ തലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ പോലും കഴിഞ്ഞിരുന്നില്ല. സ്വിമ്മിംഗിൽ ആകെ രണ്ടു താരങ്ങളാണ് ഓപ്പറേഷൻ ഒളിന്പിയയുടെ ഭാഗമായി അവസാന സമയങ്ങളിൽ പരിശീലനത്തിന് ഉണ്ടായിരുന്നത്.
പരിശീലന ഇനങ്ങൾ വെട്ടിച്ചുരുക്കിയപ്പോഴും ഈ പദ്ധതിയുടെ പേരിൽ ധൂർത്ത് തുടരുകയാണ്. ഓപ്പറേഷൻ ഒളിന്പിയ നടത്തിപ്പിനായി പ്രോജക്ട് അസിസ്റ്റന്റ് എന്ന ഒരു പോസ്റ്റ് ഉണ്ടാക്കി. ആദ്യം 30,000 രൂപ ശന്പളം നല്‍കിയായിരുന്നു നിയമനം നടത്തിയത്. തുടർന്നത് 35,000 രൂപയായി വർധിപ്പിച്ചു.
സംസ്ഥാനത്ത് കണ്ണൂർ, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിലായായിരുന്നു പരിശീലന ക്രമീകരണങ്ങൾ ഒരുക്കിയിരുന്നത്. ഇതിൽ തന്നെ വെനു അസിസ്റ്റന്റ് എന്ന പേരിൽ 25,000 രൂപ ശന്പളത്തിൽ പല സ്ഥലങ്ങളിലും നിയമനം നടത്തിയിരുന്നു.
പല കേന്ദ്രങ്ങളിലും പരിശീലനം നിർത്തിയെങ്കിലും വെനു ഓപ്പറേറ്റർമാർ നിലവിലുണ്ട്. നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് തന്നെ ചെയ്തു തീർക്കാവുന്ന ജോലിയായിരുന്നു. എന്നിട്ടും പല തസ്തികകളും സൃഷ്ടിച്ചത് കൗണ്‍സിലിലെ ചിലരുടെ താത്പര്യപ്രകാരമായിരുന്നു. ഇത് സ്പോർട്സ് കൗണ്‍സിലിനു വൻ ബാധ്യതയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
സ്പോർട്സ് കൗണ്‍സിൽ കോച്ചുമാർ ഓപ്പറേഷൻ ഒളിന്പിയ താരങ്ങൾക്ക് പരിശീലനം നൽകുന്നതിന് അവർക്ക് 10000 രൂപ അധികമായി നല്‍കുകയും ചെയ്തിരുന്നു. ഇതിനെല്ലാം പുറമേ കോണ്‍ട്രാക്ട് വ്യവസ്ഥയിൽ രണ്ടു കോച്ചുമാരെ പുറത്തുനിന്ന് എത്തിച്ചു. ഇതിൽ ഒരാൾക്ക് പ്രതിമാസം 65,000 രൂപ നല്‍കിയാണ് ക്രമീകരണം ഒരുക്കിയത്.
ഓപ്പറേഷൻ ഒളിന്പിയയുടെ പേരിൽ താരങ്ങൾക്ക് വർഷങ്ങളായി പരിശീലനം നല്‍കിയെങ്കിലും ഇവരുടെ പ്രകടനത്തിൽ കാര്യമായ മികവൊന്നുമുണ്ടായില്ലെങ്കിലും ചിലർക്ക് സാന്പത്തിക ലാഭമുണ്ടായതായാണ് കൗണ്‍സിലിനുള്ളിൽ തന്നെ ചർച്ച.
ഈ സ്കീം ആരംഭിച്ച വർഷം സൈക്ലിംഗ്, ബോക്സിംഗ് ഉൾപ്പെടെയുള്ള പരിശീലനങ്ങൾ കാര്യവട്ടത്തായിരുന്നു ക്രമീകരിച്ചത്. ഇവിടെ പരിശീലനത്തിനെത്തുന്ന താരങ്ങൾക്ക് താമസിക്കാനായി ഫ്ളാറ്റുകൾ എടുത്ത വകയിലും ഭക്ഷണം നല്കിയ വകയിലും അന്നത്തെ സ്പോർ്ട്സ് കൗണ്‍സിലിലെ തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ചിലർ വൻ സാന്പത്തിക ഇടപാടുകൾ നടത്തിയതായും ആരോപണം ഉയർന്നിരുന്നു.
ഇതേ തുടർന്ന് താരങ്ങളുടെ പരിശീലനം ആറ്റിങ്ങലിലേക്കു മാറ്റി. ആറ്റിങ്ങലിൽ കൗണ്‍സിലിനു സ്വന്തമായി കെട്ടിടം ഉള്ളപ്പോളായിരുന്നു കാര്യവട്ടത്ത് വാടകയ്ക്ക് ഫ്ളാറ്റ് എടുത്ത് ലക്ഷങ്ങളുടെ ബാധ്യത വരുത്തിയത്. 2024 ലെ ഒളിന്പിക്സിൽ മലയാളി താരത്തിന് മെഡൽ നേട്ടമെന്നതാണ് ലക്ഷ്യം.
തോമസ് വർഗീസ്