കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ നാലു വയസുകാരിയുടെ കുടുംബത്തെ സ്വാധീനിച്ച് കേസ് ദുർബലമാക്കാൻ ശ്രമം. പോലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഡോക്ടർക്ക് അനുകൂല നിലപാട് സ്വീകരിക്കാനുള്ള സമ്മർദമാണു കുട്ടിയുടെ കുടുംബത്തിനുമേലുള്ളത്.
ഡോക്ടർക്ക് അനുകൂലമായി സംസാരിക്കാൻ തങ്ങൾക്കു കടുത്ത സമ്മർദമുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കൾ പറഞ്ഞു. സമ്മർദങ്ങൾക്കു വഴങ്ങില്ലെന്നും കേസുമായി മുന്നോട്ടു പോകുമെന്നും കുടുംബം വ്യക്തമാക്കി.
കുട്ടിയുടെ കൈയിലെ ആറാം വിരൽ നീക്കുന്നതിനു പകരം നാവിലാണു ഡോക്ടർ ശസ്ത്രക്രിയ നടത്തിയത്. കുട്ടിയുടെ രക്ഷിതാക്കളെ അറിയിക്കാതെയോ അവരുടെ സമ്മതപത്രം വാങ്ങാതെയോ ആണ് നാവിന് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ നടത്തിയ ഡോ. ബിജോണ്‍ ജോണ്‍സനെതിരേ മെഡിക്കൽ നെഗ്ലിജൻസ് ആക്ട് പ്രകാരമാണു മെഡിക്കൽ കോളജ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം, ഡോ. ബിജോണിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ആരോഗ്യവകുപ്പ് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് (ഡിഎംഇ)കത്ത് നൽകിയതായി സൂചനയുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ചെറുവണ്ണൂർ സ്വദേശിയായ നാലുവയസുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്.