മാവേലിക്കര: ഓപ്പറേഷൻ സ്ക്രീനിൽ മാവേലിക്കരയിൽ 32 വാഹനങ്ങൾക്ക് പിടിവീണു. കഴിഞ്ഞ രണ്ട് ദിവസമായി താലൂക്കിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് സൺഫിലിം ഒട്ടിച്ച വാഹനങ്ങൾക്ക് നോട്ടീസ് നൽകിയത്.
താലൂക്കിൽ സർവ്വീസ് നടത്തുന്ന 42 ആബുലൻസുകൾക്കും ഇതുമായി ബന്ധപ്പെട്ട പരിശോധനയ്ക്ക് ഹാജരാക്കണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്.
പരിശോധനക്ക് എ.എം.വി.ഐ മാരായ കുര്യൻ ജോൺ, ജയറാം, ഗുരുദാസ്, ശ്യംകുമാർ എന്നിവർ നേതൃത്വം നൽകി. വരുന്ന ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് ജോ.ആർ.റ്റി.ഓ എം.ജി.മനോജ് അറിയിച്ചു.
ആംബുലൻസുകളെ ഒഴിവാക്കണമെന്ന്
ഹരിപ്പാട് : വാഹനങ്ങളിലെ കൂളിങ് ഫിലിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതിൽ നിന്ന് ആംബുലൻസുകളെ ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആലപ്പുഴ ജില്ലാ ആംബുലൻസ് ഓണർസ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ.രോഗികളുടെ സ്വകാര്യത ആശുപത്രികളിലെ പോലെ ആംബുലൻസുകളിലും സംരക്ഷിക്കപ്പെടണം എന്നാണ് എ ഓഡിഎയുടെ നിലപാട്.
ആശുപത്രികളിലേക്കുള്ള യാത്രാമധ്യേ ആംബുലൻസിൽ പ്രസവിക്കുന്ന ഗർഭിണികൾ, വസ്ത്രങ്ങൾ വലിച്ചെറിയുന്ന മാനസിക ആസ്വാസ്ഥ്യമുള്ളവർ, കോട്ടൺ മാത്രം പുതച്ചു കൊണ്ടു പോകേണ്ടി വരുന്ന തീ പൊള്ളലെട്ടവർ, ഇ സി ജി ലീഡ് കണക്ട് ചെയ്തിട്ടുള്ളതിനാൽ മാറിടം
വെളിവാകുന്ന രീതിയിൽ പോകുന്ന ഹൃദ്രോഗികൾ തുടങ്ങി ആംബുലൻസിൽ രോഗികളുടെ നഗ്നത വെളിവാകുന്ന സാഹചര്യമാണ് ആംബുലൻസുകളിൽ ഉള്ളത്.ആയതിനാൽ ആംബുലൻസുകളിൽ കർട്ടൻ, കൂളിങ് ഫിലിമുകൾ നിരോധിക്കുന്നത് ഒരു കൂട്ടം രോഗികളുടെ സ്വകാര്യതയെ കാഴ്ച വസ്തുക്കളാകുന്ന സാഹചര്യമുണ്ടാക്കും.
പ്രത്യേക പരിഗണന വേണമെന്ന്
രണ്ടും മൂന്നും ആഴ്ചകൾ പഴക്കമുള്ള മൃതശരീരങ്ങൾ പോസ്റ്റുമാർട്ടം ചെയ്യാനായി കൊണ്ടു പോകുമ്പോൾ പൊതുജനങ്ങളിൽ അറപ്പും വെറുപ്പും ഉണ്ടാകുകയും ഭയം ഉളവാക്കുകയും ചെയ്യും.
എന്നാൽ ഇത്തരം സാഹചര്യം ദുരുപയോഗം ചെയ്യുന്ന ആംബുലൻസ് ഡ്രൈവർമാരെ കണ്ടെത്താൻ ഏത് സമയവും, നിയമനുസൃത പരിശോധന നടത്താനും, പരിശോധിക്കാനും ആംബുലൻസ് ഓണർസ് അസോസിയേഷൻ എതിരല്ല.
രോഗികളുടെ സ്വകാര്യത ചോദ്യം ചെയ്യപ്പെടുന്ന നിയമത്തിൽ മാറ്റം വരുത്തി ആംബുലൻസുകളെ പ്രത്യേക കാറ്റഗറിയിൽ ഉൾപ്പെടുത്തണമെന്നും ആംബുലൻസ് ഓണർസ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബിജു പോളും ജില്ലാ സെക്രട്ടറി ശ്യാം പള്ളിപ്പാടും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.