ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ശസ്ത്രക്രിയ നടത്തുവാൻ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ കോടിക്കണക്കിന് രൂപാ നൽകുവാനുണ്ടെന്ന പേരിൽ സ്ഥപനങ്ങൾ ഇപ്പോൾ ഉപകരണങ്ങൾ നൽകാത്തതിനാൽ വിവിധ വിഭാഗങ്ങളിലെ രോഗികൾക്ക് ശസ്ത്രക്രിയ വൈകുന്നതായി ആക്ഷേപം.
ഹൃദയ ശസ്ത്രക്രിയ, ഹൃദ്രോഗം, ന്യൂറോ സർജറി, യൂറോളജി, തുടങ്ങി ശസ്ത്രത്രക്രിയ ആവശ്യമായ മുഴുവൻ വിഭാഗങ്ങളിലും ശസ്ത്രക്രിയ ഉപകരങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ നൽകാത്തതാണ് ശസ്ത്രക്രിയ മാറ്റി വയ്ക്കുവാൻ കാരണമാകുന്നതെന്ന് പറയുന്നു.3000 ത്തിലധികം പേരാണ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ സർജറിക്കായി കാത്തിരിക്കുന്നത്.
മൂന്നു മാസമായി എമർജൻസി ശസ്തക്രിയ മാത്രമാണ് ഇവിടെ നടക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ 25 ഓളം സ്വകാര്യ കന്പനികൾക്ക് ശസ്ത്രക്രിയാ ഉപകരണങ്ങൾ നൽകിയ ഇനത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നു മാത്രം 50 കോടിയോളം രുപാ നൽകുവാനുണ്ടെന്ന് പറയപ്പെടുന്നു. പല സ്ഥാപനങ്ങളും പണം പലിശയ്ക്ക് കടം എടുത്താണ് ഉപകരങ്ങൾ നൽകിയിരുന്നത്.
അതിനാൽ ലക്ഷക്കണക്കിന് രുപാ മാസം പലിശ കൊടുക്കേണ്ട അവസ്ഥയിലാണ് ഈ സ്ഥാപനങ്ങൾ. പല രോഗികളും, ശസ്ത്രക്രിയയ്ക്ക് മുന്പുള്ള എല്ലാ പരിശോധനകളും നടത്തി കാത്തിരിക്കുകയാണ്.ഇവർ എല്ലാ ആഴ്ചകളിലും ബന്ധപ്പെട്ട വിഭാഗത്തിന്റെ ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു മടങ്ങുകയാണ്.
എന്ന് ശസ്ത്രക്രിയ നടത്തുവാൻ കഴിയുമെന്ന് ബന്ധപ്പെട്ട വിഭാഗത്തിലെ ഡോക്ടർമാർക്ക് രോഗികളോട് പറയുവാൻ കഴിയുന്നില്ല.സാന്പത്തിക ബാധ്യതയുണ്ടെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ സമ്മതിച്ചു. കാരുണ്യ ഫണ്ട് അനുവദിക്കാതിരുന്നതാണ് സ്വാകാര്യ കന്പനികൾക്കുള്ള സാന്പത്തിക ബാധ്യതയ്ക്ക് കാരണമെന്നും സൂപ്രണ്ട് വ്യക്തമാക്കി.
എന്നാൽ ന്യൂറോ സർജറി വിഭാഗത്തിൽ മാത്രം ഒരു കോടി രൂപാനൽകുവാനുണ്ടെന്നാണ് അറിയുവാൻ കഴിയുന്നതെന്നും ആഗസ്റ്റ് 15 വരെയുള്ള ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്കായി രോഗികൾക്ക് തിയതി കൊടുത്തിട്ടുണ്ടെന്നും മേധാവി ഡോ .പി.കെ.ബാലകൃഷ്ണൻ പ്രതികരിച്ചു.
സ്വകാര്യ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുവാനുള്ള കോടിക്കണക്കിന് രൂപാ ഉടൻ നൽകിയില്ലെങ്കിൽ ശസ്ത്രക്രിയകൾ മുടങ്ങുവാൻ സാധ്യതയുണ്ട്. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപായി 10 കോടി അനുവദിച്ചു കൊണ്ട് ഉത്തരവ് വന്നെങ്കിലും ആ പണവും ഇതുവരെ ലഭിച്ചിട്ടില്ല.