സ്വന്തം ലേഖകന്‍
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ മറന്നുവച്ച കത്രിക കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേതാകാൻ സാധ്യതയില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
ശസ്ത്രക്രിയയ്ക്കായി ഉപയോഗിച്ച ഉപകരണങ്ങൾ ഒന്നും നഷ്ടമായിട്ടില്ല. കണക്കെടുപ്പിൽ എല്ലാം കൃത്യമായി രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ശസ്ത്രക്രിയ നടത്തിയ ഡോക്ടർ, അന്ന് ജോലിയിലുണ്ടായിരുന്ന ജീവനക്കാർ എന്നിവരുടെയും മൊഴി മൂന്നംഗ അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ പ്രത്യേക അന്വേഷണ സംഘം ഇന്ന് മുതൽ അന്വേഷണം ആരംഭിക്കും.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്പെഷൽ ഓഫിസർ ഡോ അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിനായി കോഴിക്കോട് എത്തിയത്.
2017-ലാണ് മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്കിടെ പന്തീരാങ്കാവ് മലയിൽക്കുളങ്ങര അഷ്റഫിന്റെ ഭാര്യഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവച്ചത്.
മൂത്രസഞ്ചിയിൽ കുത്തിനിൽക്കുന്ന നിലയിൽ സ്കാനിംഗില്‍ കണ്ടെത്തിയ കത്രിക ശസ്ത്രക്രിയ നടത്തിയ അതേ ആശുപത്രിയിൽവച്ചുതന്നെ സെപ്റ്റംബർ 17ന് പുറത്തെടുത്തു.
മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് സി ടി സ്കാന്‍ പരിശോധനയില്‍ കത്രിക കണ്ടെത്തിയത്.
2017 നവംബർ 30-നായിരുന്നു മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവ ശസ്തക്രിയ നടത്തിയത്.
12 സെന്റിമീറ്റര്‍ നീളവും 6 സെന്റഇമീറ്റർ വീതിയുമുള്ള കത്രിക (ആർട്ടറി ഫോർസെപ്സ്) കാലക്രമേണ മൂത്രസഞ്ചിയിൽ കുത്തിനിന്ന് മുഴ രൂപപ്പെട്ടിരുന്നു. ഇതും ശസ്ത്രക്രിയയിലൂടെ നീക്കി.