ന്യഡൽഹി: തലയോട്ടിപൊട്ടിച്ച് തലച്ചോറിൽ കത്തിപായുമ്പോൾ ലാപ്ടോപ്പിൽ സിനിമ കാണാൻ കഴിയുമോ? അതും ബാഹുബലി ! തലച്ചോറിൽ അർബുദം ബാധിച്ച ഹെഡ്നഴ്സായ വിനയകുമാരിയാണ് തന്റെ തലച്ചോറിലെ അർബുദം ഡോക്ടർമാർ നീക്കം ചെയ്യുമ്പോൾ സിനിമ ആസ്വദിച്ചത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ് വിനയകുമാരി.
ഗുണ്ടൂറിലെ സ്വകാര്യ മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിലായിരുന്നു വിനയകുമാരിയുടെ ശസ്ത്രക്രിയ. തലച്ചോറിനെ മയക്കാതെയുള്ള ശസ്ത്രക്രിയ നടക്കുമ്പോൾ വിനയകുമാരിയുടെ സമീപത്തായി വച്ചിരുന്ന ലാപ്ടോപ്പിൽ ബാഹുബലി 2 ദി കൺക്ലൂഷൻ തകർത്താടി. ന്യൂറോ സർജൻ ശ്രീനിവാസ റെഡ്ഡിയാണ് ശസ്ത്രക്രിയക്കു നേതൃത്വം നൽകിയത്. സർജറി ഒന്നരമണിക്കൂർ നീണ്ടുനിന്നു. അഞ്ചു ദിവസത്തിനു ശേഷം വിനയകുമാരി ആശുപത്രിയിൽനിന്നും വീട്ടിലേക്കു മടങ്ങി.