കോട്ടയം: നഗരമധ്യത്തിലുള്ള ജനറൽആശുപത്രിയുടെ ഓപ്പറേഷൻ തിയറ്ററുകൾ അടച്ചുപൂട്ടിയിട്ട് ആഴ്ചകൾ പിന്നിട്ടു. ചോർച്ചയുള്ള ആശുപത്രിയിൽ അണുബാധയുണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ഓപ്പറേഷൻ തീയറ്ററുകൾ അടച്ചത്. മേയ് അവസാന വാരം ശസ്ത്രക്രീയയ്ക്കെത്തിയ രോഗികൾ ഇപ്പോഴും ഉൗഴം കാത്ത് കിടക്കുകയാണ്.
ദിവസം ശരാശരി 15 ഓപ്പറേഷനുകൾ വീതം നടന്നിരുന്ന ആശുപത്രിയിൽ ശസ്ത്രക്രിയ നടക്കാതെ വന്നതോടെ പലരും സ്വകാര്യ ആശുപത്രികളിൽ അഭയം തേടി. തിയറ്ററുകൾ എന്നു തുറക്കുമെന്ന് ആർക്കും വ്യക്തമായ വിവരം നൽകാൻ കഴിയുന്നില്ല.പ്രധാന ഓപ്പറേഷൻ തിയറ്റർ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ചോർച്ചയാണ് തിയറ്റർ അടയ്ക്കാൻ കാരണമെന്നു ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ചോർച്ച പഴയതായതിനാൽ അറ്റകുറ്റപ്പണികൾക്കായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റുമായി സർക്കാരിനെ സമീപിച്ചപ്പോൾ സാങ്കേതിക കാരണം പറഞ്ഞ് തള്ളി. പിന്നീടാണ് തിയറ്റർ അടയ്ക്കേണ്ടി വന്നത്. സ്വന്തം ഫണ്ടിൽനിന്നുള്ള തുക ഉപയോഗിച്ച് ചോർച്ച അടയ്ക്കാനുള്ള പണികൾക്കായി എസ്റ്റിമേറ്റ് തയാറാക്കുന്നതിന് നഗരസഭാ അധികൃതർക്ക് കത്തു നല്കിയിട്ടുണ്ട്. ഇതുവരെ നഗരസഭാ എൻജിനിയർമാർ എത്തി പരിശോധന നടത്തുകയോ എസ്റ്റിമേറ്റ് തയാറാക്കുകയോ ചെയ്തിട്ടില്ല.
എസ്റ്റിമേറ്റ് കിട്ടിയാൽ കഐച്ച്ആർഡബ്ല്യുഎസ് മുഖേന പണികൾ നടത്താനാണ് തീരുമാനമെന്നും സുപ്രണ്ട് വ്യക്തമാക്കി. ജനറൽ ആശുപത്രിയുടെ ചുമതല ആദ്യം ജില്ലാ പഞ്ചായത്തിനായിരുന്നു. പിന്നീടത് നഗരസഭയുടെ കീഴിലാക്കിയെങ്കിലും വീണ്ടും ജില്ലാ പഞ്ചായത്തിനു കീഴിലേക്ക് മാറ്റിയതായി പ്രഖ്യാപനമുണ്ടായെങ്കിലും ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല
കോട്ടയം: ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടുന്ന ഇരുനില കെട്ടിടത്തിലെ ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ നിർമിച്ച കെട്ടിടത്തിന്റെ മേൽക്കൂര എല്ലാ മഴക്കാലത്തും ചോരും. എല്ലാ വർഷവും അറ്റകുറ്റപ്പണികളും നടത്തും. ഓരോ വർഷവും അറ്റകുറ്റപ്പണികൾക്കായി നടത്തിയ ലക്ഷങ്ങളുണ്ടായിരുന്നുവെങ്കിൽ ഇവിടെ ബഹുനിലകൾ നിർമിക്കാൻ കഴിയുമായിരുന്നുവെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
നേട്ടം കരാറുകാർക്കും മറ്റു ചിലർക്കും മാത്രം. ഓപ്പറേഷൻ തിയറ്ററിനൊപ്പം ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നാം വാർഡിൽ കിടക്കുന്ന രോഗികൾ മഴക്കാലത്ത് കട്ടിൽ മാറ്റിയിട്ടാണ് കിടക്കുന്നത്. ആശുപത്രി വാർഡ് ചോരുന്ന ചിത്രവും വാർത്തയും എല്ലാ വർഷവും മാധ്യമങ്ങളിൽ വരുന്നതല്ലാതെ ശാശ്വത പരിഹാരമുണ്ടാക്കാൻ ആർക്കും സാധിച്ചിട്ടില്ല.
മുന്പ് ജില്ലാ പഞ്ചായത്തിന്റെ കീഴിലായിരുന്നപ്പോൾ ആശുപത്രിക്ക് പുതിയ ബഹുനില കെട്ടിടങ്ങൾ നിർമിക്കുന്നതിന് ബജറ്റിൽ തുക വകയിരുത്തുമായിരുന്നു. തുക വകയിരുത്തുന്നതല്ലാതെ ഒരു പണിയും ആരംഭിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.