സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഓപ്പറേഷന് തണ്ടര്‍ ഭീതിയില്‍..! ഏതു നിമിഷവും പരിശോധനയ്ക്കായി വിജിലന്‍സ് എത്തുമെന്നതിനാല്‍ പോലീസുദ്യോഗസ്ഥര്‍ ജാഗ്രതയിലാണ്. സംസ്ഥാനത്തെ 53 സ്റ്റേഷനുകളിലായി കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ “ഓപ്പറേഷന് തണ്ടര്‍’ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പെടാത്തതും കേസില്‍ ഉള്‍പ്പെടാത്തതുമായ സ്വര്‍ണം, പണം, വാഹനങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയിരുന്നു.
സ്റ്റേഷനുകളില്‍ ക്യാഷ് ഡിക്ലറേഷന്‍ രജിസ്റ്ററും കൃത്യമായി പരിപാലിക്കപ്പെടുന്നില്ലെന്നും രജിസ്റ്ററില്‍ രേഖപ്പെടുത്താതെ പരാതികള്‍ സൂക്ഷിക്കുന്നതായും കണ്ടെത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലന്‍സ് തീരുമാനിച്ചത്. സ്റ്റേഷനുകളിലുള്ള എല്ലാ വസ്തുക്കളും കൃത്യമായി രേഖപ്പെടുത്തുന്ന തിരക്കിലാണ് പോലീസുദ്യോഗസ്ഥര്‍.
അതേസമയം ക്രമക്കേടുകള്‍ കണ്ടെത്തിയ സ്റ്റേഷനിലെ ചുമതലയുള്ള സിഐയ്ക്കും എസ്എച്ച്ഒയ്ക്കും നടപടിയുണ്ടാവുമെന്നും സൂചനയുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ വിശദമാക്കി വിജിലന്‍സ് ഡയറക്ടര്‍ അടുത്ത ദിവസം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ ഭാഗമായി റേഞ്ച് അടിസ്ഥാനത്തില്‍ പരിശോധനാ വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള റിപ്പോര്‍ട്ട് തയാറാക്കി ഇന്നുതന്നെ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയ്ക്കെതിരേ പോലീസ് സേനയില്‍ അമര്‍ഷം പുകയുന്നുണ്ട്.പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിനെ ഇടിച്ചുതാഴ്ത്തുന്ന നടപടിയാണിതെന്നാണ് പോലീസ് സേനയിലെ പൊതു അഭിപ്രായം. പോലീസുകാരെ മോശമായി ചിത്രീകരിക്കുകയാണ് ഇതുവഴി ചെയ്തതെന്ന ആരോപണമാണിപ്പോള്‍ ഉയരുന്നത്. വിജിലന്‍സിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ടു പോലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്.
പോലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സ് കണ്ടെത്തിയതില്‍ പലതും ക്രമക്കേടുകളെല്ലെന്നും എന്നാല്‍ ക്രമക്കേടുകളെന്ന രീതിയിലാണ് ഇവ പ്രചരിപ്പിച്ചതെന്നുമാണ് ഉയരുന്ന ആരോപണം. കണക്കില്‍പെടാത്തതും കേസില്‍ ഉള്‍പ്പെടാത്തതുമായ പണവും വാഹനങ്ങളും സ്വര്‍ണവും കണ്ടെത്തിയെന്നാണ് വിജിലന്‍സ് പരസ്യപ്പെടുത്തിയത്. രേഖകളില്ലെന്ന് പറഞ്ഞതില്‍ പലതിനും രേഖകളുണ്ടെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്. അതേസമയം പരിശോധന നിയമാനുസൃതമാണെന്നും രേഖകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നുമാണ് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
സ്വര്‍ണവും മൊബൈല്‍ ഫോണും കണ്ടെത്തിയത് വീഴ്ചയല്ലെന്നാണ് പോലീസുദ്യോഗസ്ഥരുടെ വാദം. കോഴിക്കോട് ജില്ലയിലെ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കണ്ടെടുത്തെന്നു പറയുന്ന സ്വര്‍ണം മിഠായിതെരുവില്‍ നിന്നും കളഞ്ഞുകിട്ടിയതാണ്. ഇത് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ (ജിഡി) രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിജിലന്‍സ് പരസ്യപ്പെടുത്തിയത് 11.52 ഗ്രാം സ്വര്‍ണം അനാഥമായി കാണപ്പെട്ടുവെന്നാണ്. സ്വര്‍ണം കോടതിയില്‍ ഹാജരാക്കിയിട്ടില്ലെങ്കിലും അത് രേഖകളിലുള്ളതാണ്.
അതുപോലെ പല പോലീസ് സ്റ്റേഷനുകളില്‍ നിന്നും പിടികൂടിയ മൊബൈല്‍ ഫോണും സ്വാഭാവിക നടപടികളുടെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ്. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ചെയ്തതിനും മറ്റും വിദ്യാര്‍ഥികളടക്കമുള്ളവരില്‍ നിന്ന് ഫോണുകള്‍ പിടികൂടാറുണ്ട്. വിദ്യാര്‍ഥികളാണെങ്കില്‍ രക്ഷിതാക്കളുടെ സാന്നിധ്യത്തിലും അല്ലാത്തവരാണെങ്കില്‍ സ്റ്റേഷനിലെത്തി താക്കീത് നല്‍കിയും മറ്റുമാണ് തിരിച്ചുകൊടുക്കാറുള്ളത്.
എന്നാല്‍ ഇത്തരത്തില്‍ പിടികൂടിയ ഫോണുകളാണ് ക്രമക്കേടുകള്‍ എന്ന ഗണത്തില്‍ വിജിലന്‍സ് ഉള്‍പ്പെടുത്തിയതെന്നാണ് പോലീസുകാര്‍ പറയുന്നത്. പോലീസ് സ്റ്റേഷനില്‍ സൂക്ഷിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും കൃത്യമായ രേഖകളും അവ രേഖപ്പെടുത്തുന്ന രജിസ്റ്ററുകളും വേണമെന്നാണ് ചട്ടം. ഇത് ലംഘിച്ചതായാണ് പരിശോധനയില്‍ വ്യക്തമായതെന്ന് വിജിലന്‍സ് സംഘം അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം കസബ, ടൗണ്‍, പയ്യോളി, ബാലുശ്ശേരി എന്നീ സ്റ്റേഷനുകളിലായിരുന്നു കോഴിക്കോട് പരിശോധന നടത്തിയത്.
സംസ്ഥാന വ്യാപകമായി 53 സ്റ്റേഷനുകളിലായിരുന്നു വിജിലന്‍സ് പരിശോധന നടത്തിയത്. പോലീസുകാര്‍ മാഫിയ സംഘങ്ങളുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും കേസുകളില്‍ തീര്‍പ്പുണ്ടാക്കുകയും ചെയ്യുന്നതായും ക്വാറി മാഫിയകളില്‍ നിന്നടക്കം പണം പറ്റുന്നതായും വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ ബി.എസ്. മുഹമ്മദ് യാസീന്‍ പോലീസ് സ്റ്റേഷനുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്.