തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ സാമ്പത്തിക തട്ടിപ്പും അനധികൃത ഇടപാടുകളും വ്യാപകമെന്ന വിവരത്തേത്തുടർന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കു പിന്നാലെ പ്രസ്തുത സ്റ്റേഷനുകൾക്ക് പിടി വീഴുമെന്ന് ഉറപ്പായി. അനധികൃതമായി സ്വർണവും പണവും കഞ്ചാവും സൂക്ഷിച്ച സ്റ്റേഷനുകൾക്കെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ നിർദേശം നൽകി.
ക്രമക്കേടുകൾ കണ്ടെത്തിയ സ്റ്റേഷനുകളേക്കുറിച്ച് വിശദമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് എസ്പിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് ടൗൺ, ബേക്കൽ അടിമാലി എന്നീ സ്റ്റേഷനുകളിൽ നിന്നാണ് അനധികൃതമായ സ്വർണവും കഞ്ചാവും പണവും പിടിച്ചെടുത്തത്.
ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധ നടന്നത്. ഉദ്യോഗസ്ഥരുടെ ഇടയിൽ കൈക്കൂലിയും മാഫിയ ബന്ധവും വർധിക്കുന്നുവെന്ന ഇന്റലിജന്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു “ഓപ്പറേഷന് തണ്ടര്‍’ എന്ന പേരിലെ പരിശോധന.
സ്വർണവും പണവും കഞ്ചാവും കണ്ടെത്തിയതിനു പുറമേ, പലയിടത്തും 2012ന് ശേഷം ക്വാറി, മണല്‍ മാഫിയകള്‍ക്കെതിരെ കേസെടുത്തിട്ടില്ലെന്നും വിജിലൻസ് സംഘം കണ്ടെത്തിയിരുന്നു.