കാട്ടുരാജാവായി വാണ വീരപ്പനെ വെടിവച്ചു കൊന്ന ഓപ്പറേഷന്‍ രഹസ്യങ്ങള്‍ ചുരുളഴിയുമ്പോള്‍…

veer11ചെന്നൈ: ഒരു കാലത്ത് ദക്ഷിണേന്ത്യന്‍ കാടുകളെ അടക്കി വാണിരുന്ന രാജാവായിരുന്നു വീരപ്പന്‍. തമിഴ്‌നാട് ടാസ്ക് ഫോഴ്‌സ് നടത്തിയ ഓപ്പറേഷനിലാണ് വീരപ്പന്‍ കൊല്ലപ്പെടുന്നത്. മലയാളിയായ കെ. വിജയകുമാറായിരുന്നു ഓപ്പറേഷന് നേതൃത്വം നല്‍കിയത്. എന്നാല്‍ എങ്ങനെയാണ് വീരപ്പന്റെ രഹസ്യകേന്ദ്രം കണ്ടെത്തിയതെന്ന വിവരം അജ്ഞാതമായി തുടരുകയായിരുന്നു. വീരപ്പനെ പിടിച്ച സംഘത്തിലുള്ള ചിലര്‍ തന്നെ ഇപ്പോള്‍ ഇക്കാര്യം വെളിപ്പെടുത്തുകയാണ്.ഒരു തമിഴ് ബിസിനസുകാരനാണ് വീരപ്പനിലേക്കുള്ള വഴിതുറന്നതെന്നാണ് ഇവര്‍ പറയുന്നത്. ശ്രീലങ്ക കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തമിഴ് തീവ്രവാദികളിലൂടെ വാര്‍ത്തകളും ആയുധങ്ങളും വീരപ്പന് കൈമാറുന്നത് ഇയാളായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച നിര്‍ണായക വിവരങ്ങളാണ് വീരപ്പനെ കണ്ടെത്താന്‍ സഹായിച്ചതെന്നും ദൗത്യ സംഘാംഗം പറയുന്നു.

മൂന്നു പതിറ്റാണ്ടിലേറെക്കാലം ചന്ദനക്കൊള്ളയിലൂടെയും കൊലപാതകങ്ങളിലൂടെയും കാടുകള്‍ അടക്കിവാണ് വീരപ്പന്‍ 2004 ഒക്ടോബര്‍ 18നാണ് തമിഴ്‌നാടിന്റെ പ്രത്യേകദൗത്യസേനയുടെ വെടിയേറ്റ് മരിക്കുന്നത്. വീരപ്പനെ സഹായിച്ച ബിസിനസുകാരന്‍ സമൂഹത്തിലെ മാന്യനായ ഒരു വ്യക്തിയാണെന്നും ദൗത്യസംഘാംഗം പറയുന്നു. ഇയാളുടെ പ്രവൃത്തിയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നാണ് ദൗത്യസംഘം ഇയാളെ നിരീക്ഷിക്കാനാരംഭിച്ചത്.തുടര്‍ന്ന് ഒരു ദൗത്യസംഘാംഗം ഇയാളുടെ തമിഴ് തീവ്രവാദ ഗ്യാങിലുള്ള ആളെന്ന വ്യാജേന ഇയാളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ നിര്‍ദ്ദേശ പ്രകാശം ദൂതനായി വീരപ്പന്റെ താവളത്തിലേക്കെത്തപ്പെടുകയും ചെയ്തു. 52 കാരനായിരുന്ന വീരപ്പന്‍ തിമിരബാധിതനായിരുന്നു. ബിസിനസുകാരനോട് കുറച്ച് തോക്കുകളും തിമിര ശസ്ത്രക്രിയയ്ക്കുള്ള സാഹചര്യവുമൊരുക്കാന്‍ വീരപ്പന്‍ ആവശ്യപ്പെട്ടിരുന്നു.
veer1
വീരപ്പനെ കണ്ടു മുട്ടിയപ്പോള്‍ ദൂതനായി പോയ ആള്‍ ബിസിനസുകാരനെ വിളിച്ച് വീരപ്പന്‍ നല്‍കിയ കോഡ് പറഞ്ഞു കൊടുത്തു. അതേത്തുടര്‍ന്ന്  ഇയാളോട് അടുത്ത നഗരത്തിലുള്ള തന്റെ അതിഥിമന്ദിരത്തിലേക്കു വരാന്‍ ബിസിനസുകാരന്‍ പറയുകയായിരുന്നു. അങ്ങനെ ബിസിനസുകാരന്റെ അതിഥിമന്ദിരത്തിലെത്തിയ ഇയാള്‍ വീരപ്പന്‍ പറഞ്ഞ കാര്യങ്ങളെല്ലാം അയാളോടു പറഞ്ഞു. സംഭാഷണത്തില്‍ അണ്ണാ എന്നായിരുന്നു വീരപ്പനെ ബിസിനസുകാരന്‍ വിളിച്ചിരുന്നത്. വീരപ്പന് ആവശ്യമായ സഹായമെല്ലാം ചെയ്യാമെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തു. ഈ സംഭാഷണങ്ങളത്രയും ദൂതനായി പോയ ആള്‍ ദൗത്യസേനയ്ക്കു ചോര്‍ത്തി നല്‍കിയിരുന്നു.
ദൂതനായി പോയ ആള്‍ പുറത്തുകടന്ന ആ നിമിഷം പ്രത്യേകദൗത്യസേന ബംഗ്ലാവ് വളഞ്ഞു. ബിസിനസുകാരനെ  ലങ്കന്‍ തീവ്രവാദികളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. വീരപ്പനെ പിടികൂടാന്‍ സഹായിച്ചാല്‍ ഇയാളെ മാപ്പുസാക്ഷിയാക്കാമെന്നും ദൗത്യസേന പറഞ്ഞു. ഈ ഓഫര്‍ ബിസിനസുകാരന്‍ സമ്മതിക്കുകയായിരുന്നു.

വെള്ളാദുരൈയിലെ സബ് ഇന്‍സ്‌പെക്ടറായിരുന്ന കെ. വിജയകുമാറായിരുന്നു ദൗത്യസംഘത്തെ നയിച്ചിരുന്നത്. ധര്‍മപുരിയിലെ ഒരു ചായക്കടയില്‍ വച്ച് വീരപ്പനെ കണ്ടുമുട്ടുമെന്നു ബിസിനസുകാരനില്‍ നിന്നു വിവരം ലഭിച്ചു. അത് അവസാനത്തെ കൂടിക്കാഴ്ചയായിരുന്നു. ആശുപത്രിയിലേക്ക്  വീരപ്പനെ കൊണ്ടുപോകാന്‍ സഹായിയായി വന്നയാള്‍ ഒരു ടിക്കറ്റ് രണ്ടായി കീറി ഒരു ഭാഗം ബിസിനസുകാരനെ ഏല്‍പ്പിച്ചു. എന്നിട്ടു പറഞ്ഞു ‘ഇത് അണ്ണന്റെ യാത്രാ ടിക്കറ്റാണ്’. ആ ടിക്കറ്റ് വീരപ്പന് പരലോകത്തേക്കു പോകാനുള്ള ടിക്കറ്റായി മാറുകയായിരുന്നു. വിജയകുമാറിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ വീരപ്പന്‍: ചേസിംഗ് ദി ബ്രിഗാന്‍ഡ്’ എന്ന പുസ്തകത്തില്‍ വീരപ്പന്‍ വേട്ടയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related posts