പത്തനംതിട്ട: 240 കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന യുവാവിനെ അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവിതം നൽകി ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ്.
ബംഗളൂരുവിൽ ഐടി കന്പനി ഉദ്യോഗസ്ഥനായ ചന്പക്കുളം സ്വദേശി ജസ്റ്റിൻ (32) ശസ്ത്രക്രിയയ്ക്ക് വിധേയനായി ശരീരഭാരം കുറച്ചത്.
ബോഡി മാസ് ഇൻഡക്സ് (ബിഎംഐ)75 എന്ന അപകടകരമായ അവസ്ഥയിലായിരുന്ന ജസ്റ്റിനു ജീവിതത്തിൽ പ്രതീക്ഷകൾ സമ്മാനിച്ച ശസ്ത്രക്രിയയാണ് നടന്നതെന്ന് ആശുപത്രി സിഇഒ ഡോ.ജോർജ് ചാണ്ടി മറ്റീത്ര പറഞ്ഞു.
മുതിർന്നശേഷം ഈയടുത്ത കാലം വരെ യുവാവിന്റെ ഭാരം 150 കിലോയിലധികം ഉണ്ടായിരുന്നു. പിന്നീട്, കോവിഡ് കാലത്തെ വർക്ക് ഫ്രം ഹോമും ഹോട്ടൽ ഭക്ഷണവും കൂടിയായതോടെ ശരീരഭാരം ക്രമാതീതമായി വർധിക്കുകയായിരുന്നു.
നടക്കാനും ശ്വാസമെടുക്കാനും പോലും പ്രയാസമായി തുടങ്ങിയതോടെയാണ് മാതാപിതാക്കൾക്ക് ഗൗരവം മനസിലായത്.
തുടർന്ന് ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു. ഹോർമോണ് സംബന്ധമായി യാതൊരു പ്രശ്നവുമില്ലാതെയായിരുന്നു ക്രമാതീതമായി ശരീരഭാരം കൂടിയത്.
തുടർന്നാണ് ഡോ. ഫിലിപ്പ് ഫിന്നിയുടെ നിർദ്ദേശപ്രകാരം അപൂർവമായ ബെറിയാട്രിക് സർജറി ചെയ്യാൻ തീരുമാനിച്ചത്.
ശസ്ത്രക്രിയയ്ക്ക് മൂന്ന് ആഴ്ചകൾക്ക് മുന്പേ തന്നെ വ്യായാമവും ഭക്ഷണവും ക്രമീകരിക്കുന്നതിനായി ജസ്റ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഫിസിയോ തെറാപ്പി, ഭക്ഷണക്രമീകരണങ്ങളിലൂടെ ശസ്ത്രക്രിയക്കു മുന്പായി തൂക്കം 16 കിലോഗ്രാം കുറയ്ക്കാനായി.
ഒരു മാസത്തിനു ശേഷം ഒക്ടോബർ അഞ്ചിനാണ് ഗ്യാസ്ട്രോ സർജൻ ഡോ.സുജിത്ത് ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ശരീരത്തിൽ അത്യാപൂർവമായ ലാപ്രോസ്കോപ്പിക്ക് സ്ലീവ് ശസ്ത്രക്രിയ നടത്തിയത്.
ശസ്ത്രക്രിയ ആരംഭിച്ച ശേഷം ഓപ്പറേഷൻ ടേബിളിൽ പലതരം തടസങ്ങളെ അഭിമുഖീകരിക്കേണ്ടിവരുമെന്ന് മുൻകൂട്ടി മനസിലാക്കി മൂന്ന് വ്യത്യസ്ത പദ്ധതികളാണ് രൂപപ്പെടുത്തിയത്.
ആദ്യ രണ്ട് പദ്ധതികൾ ഫലം കാണാത്തതിനാൽ ന്നാമത്തെ പദ്ധതിയിലൂടെയാണ് ഡോ. സുജിത്ത് ശസ്ത്രക്രിയ വിജയിപ്പിച്ചത്. ശേഷം തീവ്രപരിചരണ വിഭാഗത്തിലെ ഡോ. സാൻജോയുടെയും ഡോ. ഫിലിപ്പിന്റെയും പരിചരണത്തിൽ യുവാവ് സാവധാനം സാധാരണനിലയിലേക്ക് മടങ്ങുകയായിരുന്നു.
ആശുപത്രി വിടുന്പോൾ തൂക്കം 215 കിലോഗ്രാമിലെത്തി. ശസ്ത്രക്രിയയ്ക്ക് രണ്ടാഴ്ചയ്ക്ക് ശേഷം ശരീരഭാരത്തിൽ സാരമായ വ്യത്യാസമുണ്ടായി.
ഫിസിയോ തെറാപ്പിയും കർശന ഭക്ഷണ രീതിയും നിലവിലും തുടരുന്നുണ്ട്. ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡിപ്പാർട്ട്മെന്റുകളെ പ്രതിനിധീകരിച്ച് ഡോ.ഫിലിപ്പ്ഫിന്നി, ഡോ.തോമസ് മാത്യു. ഡോ.റോഷ്നി മേരി വർക്കി, ഡോ.സുജിത് ഫിലിപ്പ്, ഡോ.ജിൻസി ആൻ, ഡയറ്റീഷൻ ജ്യോതി കൃഷ്ണ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.