ചെന്നൈ: തമിഴ്നാട്ടിൽ ഒരു വയസുള്ള കുട്ടിക്കു നാവിൽ നടത്തേണ്ട ശസ്ത്രക്രിയ ജനനേന്ദ്രിയത്തിൽ ചെയ്തു. മധുര രാജാജി സർക്കാർ ആശുപത്രിയിലാണ് ദാരുണസംഭവം.
വിരുദുനഗർ ജില്ലയിലെ സാത്തൂർ സ്വദേശികളായ അജിത്ത് കുമാർ-കാർത്തിക ദമ്പതിമാരുടെ മകനെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
നാവിനു വളർച്ചയെത്താതിനെത്തുടർന്ന്, ജനിച്ചയുടൻ കുഞ്ഞിനു ശസ്ത്രക്രിയ നടത്തിയിരുന്നു.
ഒരു വയസു കഴിഞ്ഞതിനു ശേഷം വീണ്ടുമൊരു ശസ്ത്രക്രിയ കൂടി ഡോക്ടർ നിർദേശിച്ചിരുന്നു. ഈ ശസ്ത്രക്രിയയിലാണ് പിഴവു സംഭവിച്ചത്.
ആദ്യം ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ തങ്ങൾക്കു സംഭവിച്ച തെറ്റു മനസിലായതോടെ നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
കുട്ടിക്കു മൂത്രതടസം ഉണ്ടായതിനെത്തുടർന്ന് ജനനേന്ദ്രിയത്തിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
എന്നാൽ, ഈ ശസ്ത്രക്രിയയുടെ കാര്യം തങ്ങളെ അറിയിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.