വൈക്കം: ശസ്ത്രക്രിയ പിഴവിനെതുടർന്ന് വയോധിക മൂന്നു വർഷമായി തളർന്നു കിടക്കുന്നു. കാൻസർ ബാധിതനായി മരിച്ച പിതാവിന്റെ ചികിത്സയ്ക്കായി എടുത്ത ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ നിർധന കുടുംബം ജപ്തി ഭീഷണിയിൽ.
വൈക്കം വെച്ചൂർ ബണ്ട് റോഡിനു സമീപത്തെ കാവിത്താഴെയിൽ പരേതനായ സദാനന്ദന്റെ ഭാര്യ വസുമതി (67)ആണു മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലെ പിഴവുമൂലം തളർന്നു പോയത്. 2016ൽ അസ്ഥിതേയ്മാനത്തെ തുടർന്നു വസുമതിയുടെ ഇടത്തേ മുട്ടുമാറ്റി വച്ചിരുന്നു.
2018ൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വലതുകാലിലെ മുട്ടിനും ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിലെ പിഴവുമൂലം വലതുകാലിലെ മാറ്റിവച്ച മുട്ടിൽ പഴുപ്പായി. ഇടതുകാലിനെ അപേക്ഷിച്ചു വലതുകാൽ ചെറുതായി.
വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വസുമതിയുടെ അവിവാഹിതനായ ഏകമകൻ രഞ്ജിത്ത് കുമാർ മാതാവ് തളർന്നു കിടപ്പായതോടെ മാതാവിന്റെ ചികിൽസയ്ക്കും ശുശ്രൂഷയ്ക്കുമായി മൂന്നു വർഷമായി പണി ഉപേക്ഷിച്ചു കൂടെ നിൽക്കുകയാണ്.
അസഹനീയമായ വേദനയിൽ പുളയുന്ന മാതാവിനു വിദഗ്ധ ചികിത്സ നൽകാൻ സാന്പത്തിക പരാധീനതമൂലം രഞ്ജിത്തിനു കഴിയുന്നില്ല. സമീപവാസികളും രഞ്ജിത്തിന്റെ സുഹൃത്തുക്കളുമൊക്കെ സഹായിക്കുന്നതു കൊണ്ടാണ് അത്യാവശ്യമരുന്നുകളും മറ്റും വാങ്ങാൻ കഴിയുന്നത്.