മുക്കം: ഓപ്പറേഷൻ സ്റ്റോൺ വാൾ എന്ന പേരിൽ വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങളില്ലാതെ കനത്ത പിഴ ചുമത്തിയതിൽ മനം നൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
മുക്കം നെല്ലിക്കാപറമ്പ് സ്വദേശി ഇർഷാദാണ് ആത്മഹത്യാ ശ്രമം നടത്തിയത്. വ്യാഴാഴ്ച വാഹനം പിടിച്ചെടുത്തതോടെ ഇന്നലെ പിഴയടക്കാൻ ജിയോളജി ഓഫീസിൽ പോയപ്പോൾ 50,000 രൂപ പിഴയടക്കാൻ ആവശ്യപ്പെട്ടതായി ഇർഷാദിന്റെ സുഹൃത്തുക്കൾ പറയുന്നു.
ഗുരുതരാവസ്ഥയിലായ ഇർഷാദിനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് ലൈവിലെത്തിയ ശേഷമായിരുന്നു ആത്മഹത്യ ശ്രമം. എലിവിഷമാണ് ഇയാൾ കഴിച്ചതന്നാണ് വിവരം.
അമിത ലോഡ് കയറ്റിയതിന്റെ പേരിലാണ് നിരവധി വാഹനങ്ങൾക്ക് വലിയ പിഴ ചുമത്തിയത്. എന്നാൽ വാഹനത്തിന് പെർമിഷൻ കൊടുക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ അനാസ്ഥയാണ് ഇത്തരം പ്രശ്നങ്ങൾ നിരന്തരമുണ്ടാകാൻ കാരണമെന്നാണ് വാഹന ഉടമകളുടെ പക്ഷം.
വലിയ വാഹനങ്ങളുടെ ഭാരം കയറ്റുന്ന പെട്ടിയിൽ കൽക്കരിയുടെ തൂക്കം കണക്കാക്കിയാണ് മോട്ടോർ വാഹന വകുപ്പ് പെർമിഷൻ നൽകുന്നത്. എന്നാൽ ഇതേ പെട്ടിയിൽ കരിങ്കലും മെറ്റൽ സാൻഡും കയറ്റുമ്പോൾ വലിയ ഭാരം വരും.
എന്നാൽ കൽക്കരിയുടെ തൂക്കം കണക്കാക്കി പെർമിഷൻ കൊടുക്കുന്ന മോട്ടോർ വാഹന വകുപ്പ് ഇത്തരം വിഷയങ്ങൾ കാണുന്നില്ലെന്നാണ് വാഹന ഉടമകൾ പറയുന്നത്.
ലോക്ക്ഡൗൺ കാരണം ആറ് മാസത്തോളമായി നിർത്തിയിട്ടിരുന്ന ടിപ്പറുകളും ലോറികളും മൂന്നാഴ്ച മുമ്പാണ് നിരത്തിലിറങ്ങി തുടങ്ങിയിരുന്നത്.
വലിയ ക്വാറി മുതലാളിമാരെയും ക്രഷർ മുതലാളിമാരെയും സംരക്ഷിച്ച് പാവപ്പെട്ട ഡ്രൈവർമാരെയും വാഹന ഉടമകളെയും വിജിലൻസ് കൊല്ലാകൊല ചെയ്യുകയാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
ക്വാറികളിൽ ക്രമക്കേടുകൾ നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ക്വാറി, ക്രഷർ, എം സാന്റ് യൂണിറ്റുകളിൽ വിജിലൻസ് പരിശോധന നടത്തിയിരുന്നത്.
ജിയോളജി വകുപ്പിന്റെ പാസില്ലാതെ ക്വാറി, ക്രഷർ, എം സാന്റ് യൂണിറ്റുകളിൽ നിന്ന് നിരവധി ലോഡ് ഉത്പന്നങ്ങൾ നൽകിയതായി സംഘം കണ്ടെത്തിയിരുന്നു.