നെടുങ്കണ്ടം: നെടുങ്കണ്ടത്തെ പച്ചമീൻ കടകളിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുപ്രകാരം ഓപ്പറേഷൻ സാഗർറാണി എന്നപേരിൽ സംസ്ഥാനത്ത് നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ് നെടുങ്കണ്ടത്തും പരിശോധന നടത്തിയത്.
നെടുങ്കണ്ടം ടൗണിലെ ആറു കടകളിലാണ് സംഘം പരിശോധന നടത്തിയത്. പരിശോധനയിൽ മൂന്നു കടകളിൽ സൂക്ഷിച്ചിരുന്ന പഴകിയ 50 കിലോയോളം വരുന്ന ചൂരമീനാണ് സംഘം പിടിച്ചെടുത്ത് നശിപ്പിച്ചത്. മൂന്നു കടകൾക്കും പിഴ ചമുത്തി നോട്ടീസ് നൽകി. പല കടകളിലൂം മീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് സൂക്ഷിച്ചിരുന്നതെന്ന് സംഘം കണ്ടെത്തി.
കടകളുടെ വൃത്തിഹീനമായ അന്തരീക്ഷം രണ്ടുദിവസത്തിനകം പരിഹരിക്കാനാണ് സംഘം കടയുടമകൾക്കു നൽകിയിരിക്കുന്ന നിർദേശം. പരിശോധനയിൽ അമോണിയ, ഫോർമാലിൻ എന്നിവ കലർത്തിയ മത്സ്യം കണ്ടെത്താനായില്ലെന്നും സംഘം അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരും.
ഫിഷറീസ് ഇൻസ്പെക്ടർ ഷിനൂബ്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരായ സന്തോഷ് കുമാർ, ആൻമേരി ജോണ്സണ്, ഹെൽത്ത് ഇൻസ്പെക്ടർ പ്രസന്നകുമാർ, അന്പാൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.