കൊച്ചി: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയപ്പോള്‍ ബ്ലാക്ക്ഫംഗസ് ബാധമൂലം ദുരിതമനുഭവിച്ച മുപ്പതുകാരന് പുതുജീവന്‍.
തലയോട്ടിയുടെ 75 ശതമാനവും കേടുപറ്റി ഗുരുതരാവസ്ഥയിലായ യുവാവിനെയാണ് ത്രീഡി റീകണ്‍സ്ട്രക്ടീവ് സര്‍ജറിയിലൂടെ കൊച്ചി വിപിഎസ് ലേക്ഷോര് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജിക്കല്‍ ടീംസാധാരണ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്.
ബ്ലാക്ക് ഫംഗസ് എന്നറിയപ്പെടുന്ന മ്യൂകോര്‍മൈകോസിസ് ബാധമൂലം മറ്റൊരു ആശുപത്രിയില്‍ രണ്ടു വര്‍ഷം മുമ്പു തന്നെ തലയോട്ടിയില്‍ വലിയൊരു അസ്ഥിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു യുവാവ് വിധേയനായിരുന്നു.
ഈ രോഗിയിലാണ് ഇപ്പോള്‍ വീണ്ടും ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശത്തില്‍ മലിനജലം എത്തിയതുമൂലമുണ്ടായ അണുബാധ ന്യൂമോണിയ ആകുകയും പിന്നീട് തലയോട്ടിയില്‍ ഗുരുതരമായ ബ്ലാക്ക് ഫംഗസ് ബാധിക്കുകയുമായിരുന്നു.
ഇതേത്തുടര്‍ന്ന് ഫംഗല്‍ ബാധയേറ്റ തലയോട്ടിയുടെ 75 ശതമാനവും രണ്ടുവര്‍ഷം മുമ്പ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.
ഇതോടെ രൂപത്തിലും വ്യത്യാസം സംഭവിക്കുകയും കവചം നഷ്ടപ്പെട്ടതിലൂടെ തലച്ചോറിനുള്ള അതീവ ഗുരുതരമായ അപകടസാധ്യതത തുടരുകയും ചെയ്തു.
പിന്നീടാണ് വിശദമായ ഒരു സൗന്ദര്യാത്മക പുനര്‍നിര്‍മാണം ലക്ഷ്യമിട്ടുള്ള ശസ്ത്രക്രിയയ്ക്കായി ലേക്ഷോറിലെ ന്യൂറോസര്‍ജിക്കല്‍ ടീം തയാറെടുത്തത്.
രോഗിയ്ക്ക് ഇണങ്ങുന്ന തരം ടൈറ്റാനിയം നിര്‍മിത തലയോട്ടി ഇംപ്ലാന്റ് ഉപയോഗിച്ചുള്ള അതീവസൂക്ഷ്മമായ ഒരു ത്രിഡി ശസ്ത്രക്രിയയാണ് നടന്നത്.
മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. അരുണ്‍ ഉമ്മന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റും ന്യൂറോസര്‍ജറി വിഭാഗം തലവനുമായ ഡോ. സുധീഷ് കരുണാകരന് എന്നിവര്‍ നേതൃത്വം നല്കി.
തുടക്കത്തില്‍ കേടുവന്ന ഭാഗം പൂര്‍ണമായും തുറന്ന് ബാക്കികിടന്ന അസ്ഥിഖണ്ഡങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തു. തുടര്‍ന്നാണ് ടൈറ്റാനിയം ഇംപ്ലാന്റ് പിടിപ്പച്ചത്.
അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. സി. അനില്‍, കണ്‍സള്‍ട്ടന്റ് ന്യൂറോസര്ജന് ഡോ. അജയ് കുമാര്‍, ചീഫ് ഓഫ് ന്യൂറോ അനസ്തേഷ്യ ഡോ. ഫ്രാന്‍സിസ് മണവാളന്, കണ്‍സള്‍ട്ടന്റ് അനസ്തേറ്റിസ്റ്റ് ഡോ. അനു തുടങ്ങിയവരുടെ സേവനവും ഈ ഘട്ടത്തിലുണ്ടായി.
ആഗോള മെഡിക്കല്‍ ടെക്നോളജിക്കല്‍ സ്ഥാപനമായ ലൂസിഡ് ഇംപ്ലാന്റ്സാണ് രോഗിയ്ക്കിണങ്ങിയ ടൈറ്റാനിയം ഇംപ്ലാന്റ് നിര്‍മിച്ചു നല്‍കിയത്.
ശസ്ത്രക്രിയയെത്തുടര്‍ന്ന് രോഗി അതിവേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരികയാണെന്ന് വിപിഎസ് ലേക്ഷോറില്നിന്നുള്ള വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.