പാറ്റ്ന/മുസാഫർപുർ: ഗർഭാശയം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയക്കു വിധേയയായ ബിഹാറിലെ വീട്ടമ്മയുടെ ഇരുവൃക്കകളും നഷ്ടമായി.
മുസാഫർപുരിലെ സ്വകാര്യനഴ്സിംഗ് ഹോമിൽ ചികിത്സതേടിയ മൂന്നുമക്കളുടെ അമ്മയായ സുനിതാദേവിയുടെ വൃക്കകളാണ് ശസ്ത്രക്രിയക്കിടെ അബദ്ധത്തിൽ മുറിച്ചുമാറ്റിയത്.
സംഭവത്തിൽ നഴ്സിംഗ് ഹോം ഉടമയെയും ഡോക്ടറെയും പിടികൂടാൻ മൂന്നു പ്രത്യേക സംഘത്തെ നിയോഗിച്ചതായി ബിഹാർ പോലീസ് പറഞ്ഞു.
ബരിയാർപുരിലെ സുബ്കാന്ത് ക്ലിനിക്കിൽ കഴിഞ്ഞ മൂന്നാംതീയതിയാണ് വീട്ടമ്മയുടെ ശസ്ത്രക്രിയ നടന്നത്.
ഇതിനുപിന്നാലെ അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതോടെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടതോടെയാണ് വൃക്കകൾ നഷ്ടമായെന്ന വിവരം അറിയുന്നത്.
തുടർന്നു വിദഗ്ധചികിത്സയ്ക്കായി ഇവരെ പാറ്റ്നയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്കു (ഐജിഐഎംഎസ്) മാറ്റുകയായിരുന്നു.
സുനിതാദേവിയുടെ ആരോഗ്യനില തീർത്തും വഷളായ നിലയിലാണ്. അത്യാഹിത വിഭാഗത്തിൽ തുടരുന്ന അവരുടെ രണ്ടുവൃക്കകളും നഷ്ടമായിട്ടുണ്ടോ എന്നറിയാനായി കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ഐജിഐഎംഎസ് അധികൃതർ പറഞ്ഞു.
ക്ലിനിക്ക് ഉടമ പവൻ കുമാർ, ശസ്ത്രക്രിയ നടത്തിയ ആർ.കെ. സിംഗ് എന്നിവരെയാണ് പോലീസ് തെരയുന്നത്. വീട്ടമ്മയുടെ ചികിത്സാചെലവ് വഹിക്കാമെന്ന് സംസ്ഥാനസർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്.