കോട്ടയം: 65കാരിയുടെ കണ്ണിൽനിന്നും ജീവനുള്ള വിരയെ പുറത്തെടുത്തത് ജില്ലയിൽ അപൂർവ സംഭവമായി.
കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിൽ ഡോ. സഞ്ജയ് ജേക്കബ് മലയിലിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയയിലൂടെ 10 സെന്റിമീറ്റർ നീളമുള്ള വിരയെ പുറത്തെടുത്തത്.
നായ്ക്കളിൽ കാണപ്പെടുന്ന ഡയറോഫൈലേറിയ ഇനത്തിൽപ്പെട്ട വിരയേയാണ് പുറത്തെടുത്തത്.
ഇതു മൃഗങ്ങളുമായുള്ള സന്പർക്കത്തിലൂടെയാണ് മനുഷ്യരിലെത്തുന്നത്. ത്വക്ക്, ശ്വാസകോശം, കണ്ണ് എന്നിവിടങ്ങളിൽ കടന്നുകൂടാറുണ്ട്.
ഇതു ചിലപ്പോൾ അപകടകരമായേക്കാവുന്ന അവസ്ഥ സൃഷ്ടിക്കാം. മുന്പും നിരവധി കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചിങ്ങവനം സ്വദേശിയായ വീട്ടമ്മയുടെ കണ്ണിൽ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗത്തുനിന്നുമാണ് വിരയെ പുറത്തെടുത്തത്.
കണ്ണിൽ വേദനയും ചുവപ്പും അനുഭവപ്പെടുകയും കണ്ണിനുള്ളിൽ അനങ്ങുന്നതായും തോന്നിയതിനെ തുടർന്നാണ് വീട്ടമ്മ ചികിത്സ നടത്തിയത്.
പരിശോധനയിൽ അസാധാരണത്വം തോന്നിയ ഡോക്ടർ ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.
കണ്ണിന്റെ കൃഷ്ണമണിയോടു ചേർന്നിരുന്ന ഭാഗമായതിനാൽ ശസത്രക്രിയ സങ്കീർണമായിരുന്നില്ലെന്നും വിര കണ്ണിനുള്ളിലേക്കു കയറിയിരുന്നെങ്കിൽ അപകടകരമായേനെ എന്നും ഡോ. സഞ്ജയ് പറഞ്ഞു.