മെഡിക്കല്‍ മിറാക്കിള്‍! 90 സെക്കന്‍ഡില്‍ ഗര്‍ഭസ്ഥ ശിശുവിന് ഹൃദയശസ്ത്രക്രിയ; മൂന്ന് തവണയും യുവതിയുടെ ​ഗർഭമലസിയിരുന്നു…

ആരോ​ഗ്യരം​ഗത്ത് സുപ്രധാന നേട്ടവുമായി ദില്ലി എയിംസ്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ വെറും 90 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കിയാണ് ദില്ലി എയിംസ് സുപ്രധാന നേട്ടത്തിലെത്തിയത്.

28 വയസുകാരിയായ യുവതിയുടെ ഗര്‍ഭസ്ഥ ശിശുവിനാണ് കഴിഞ്ഞ ദിവസം വെല്ലുവിളി നിറഞ്ഞ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.

ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. 

നേരത്തെ മൂന്ന് തവണ യുവതിയുടെ ​ഗർഭമലസിയിരുന്നു. നാലാമതും ​ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി.

എന്നാൽ ശസ്ത്രക്രിയ എന്ന വെല്ലുവിളി നിറഞ്ഞ ഡോക്ടർമാരുടെ നിർദേശത്തെ ദമ്പതികൾ അനുകൂലിച്ചു. തുടർന്ന് ​ഗർഭസ്ഥ ശിശുവിന് ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.

എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയ. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിദ​ഗ്ധർ, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

അൾട്രാസൗണ്ടിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. യുവതിയുടെ വയറിലൂടെ ​ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന ഡോക്ടർ പറഞ്ഞു.

വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ. ഏകദേശം ഒന്നര മിനിറ്റിനുള്ളിൽ പൂർത്തിയാക്കി.

പിഴവ് പറ്റിയാല്‍ കുഞ്ഞിന്റെ ജീവന്‍ പോലും അപകടത്തിലാക്കുന്നതായിരുന്നുവെന്നും കാര്‍ഡിയോതെറാസിസ് സയന്‍സസ് സെന്ററിലെ ഡോക്ടര്‍ പറഞ്ഞു.

ശസ്ത്രക്രിയക്ക് ശേഷം ഹൃദയം വാൽവ് വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നായും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയ വിജയമായതിന് പിന്നാലെ, പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രം​ഗത്തെത്തി.

90 സെക്കൻഡിനുള്ളിൽ ഒരു ​ഗർഭസ്ഥ ശിശുവിന്റെ മുന്തിരി വലിപ്പമുള്ള ഹൃദയത്തിൽ വിജയകരമായ അപൂർവ ശസ്ത്രക്രിയ നടത്തിയതിന് ദില്ലി എയിംസിലെ ഡോക്ടർമാരെ അഭിനന്ദിക്കുകയാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Related posts

Leave a Comment