കൊച്ചി: കുട്ടികളുടെ അശ്ലീല വീഡിയോകൾ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കുടുക്കി പോലീസിന്റെ “ഓപ്പറേഷൻ പി ഹണ്ട്’.
സൈബർ ഡോമിന്റെ നേതൃത്യത്തിൽ പുരോഗമിക്കുന്ന പരിശോധനയിലും അറസ്റ്റിലും ഞെട്ടിയിരിക്കുകയാണ് സെക്സ് റാക്കറ്റ്. ഇതിനകം സംസ്ഥാനത്ത് 41 പേർ അറസ്റ്റിലാകുകയും 227 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
326 ൽപ്പരം സ്ഥലങ്ങളിൽ ഒരേ സമയമായിരുന്നു പരിശോധന. വാട്ട്സാപ്പിലും ഇൻസ്റ്റഗ്രാമിലും ഗ്രൂപ്പുകളുണ്ടാക്കി അനുവാദമില്ലാതെ വിദ്യാർഥികളെയും വീട്ടമ്മമാരേയും അംഗങ്ങളാക്കിയാണ് സെക്സ് മാഫിയയുടെ പ്രവർത്തനം.
പിടിയിലായവരിൽനിന്ന് മൊബൈൽ ഫോണുകൾ, കന്പ്യൂട്ടറുകൾ, മോഡം, ഹാർഡ് ഡിസ്ക്കുകൾ, മെമ്മറി കാർഡുകൾ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടികള്‍ ഉള്‍പ്പെട്ട നഗ്ന വീഡിയോകളും ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗൺലോഡ് ചെയ്യുക എന്നീ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷൻ പി ഹണ്ട്.
കൂടുതൽ അറസ്റ്റുണ്ടാകും
ഇന്നലെ പുലർച്ചെ തുടങ്ങിയ പരിശോധന പലയിടത്തും പാതിരാവോളം നീണ്ടു. കേസെടുത്തവർ പലരും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് പോലീസ് നൽകുന്ന സൂചന.
കർശന നിരീക്ഷണത്തിനായി സ്റ്റേഷനുകളിലെ സൈബർ സെൽ വിഭാഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പിടിയിലായവരിൽ വിദ്യാർഥികളും, പ്രഫഷണലുകളും ഉൾപ്പെടുന്നു.
കേസുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലയിൽ ഒൻപത് പേരാണ് പിടിയിലായത്. റൂറല്‍ പരിധിയിൽനിന്ന് ആറുപേരെയും കൊച്ചി സിറ്റി പോലീസ് പരിധിയില്‍നിന്നും രണ്ടുപേരെയുമാണു പിടികൂടിയത്.
35 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇതില്‍ രണ്ടു പേര് പ്രായപൂര്ത്തിയാകാത്തവരാണെന്നാണു വിവരങ്ങള്‍. കൊച്ചി സിറ്റി പോലീസിലെ ഒന്‍പത് പോലീസ് സ്റ്റേഷന് പരിധിയില്‍ നടത്തിയ പരിശോധനയില്‍ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ റൂറല്‍ ജില്ലയില്‍ 22 പേര്‍ക്കെതിരേയാണു കേസെടുത്തത്.
റൂറല്‍ ജില്ലയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തതിനു പുറമേ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷന് പരിധിയില്‍നിന്നും മുബാഷിര്‍, മുഹമ്മദ് മിന്‍ഹാജ് എന്നിവരെയും എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍നിന്നും ജിനു ബേബിയെയുമാണു പിടികൂടിയത്.
പ്രതികള്‍ക്കെതിരേ പോക്സോ, ഐടി ആക്ട് പ്രകാരമാണു കേസെടുത്തിട്ടുള്ളത്. പിടികൂടിയ ഫോണുകളും മറ്റ് ഉപകരണങ്ങളും ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
ഡിലീറ്റ് ചെയ്ത വിവരങ്ങള്‍ റിക്കവറി ചെയ്യുന്നതിനായാണ് ഇവ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുള്ളത്.