ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ എഡിറ്റോറിയല്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോഴും മോദി മൗനം തുടരുകയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രധാനമായും ആരോപിച്ചിരിക്കുന്നത്.
നിസാരവും അതിപ്രധാനവുമായ എല്ലാ കാര്യത്തിനും ട്വീറ്റ് ചെയ്യുകയും സ്വയം ഒരു വാഗ്മിയാണെന്ന് കരുതുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, തന്റെ രാജ്യത്തെ സ്ത്രീകളും ന്യൂനപക്ഷങ്ങളും ഭീഷണി നേരിടുമ്പോള്‍ നിശബ്ദനായിരിക്കുകയാണ് ചെയ്യുന്നതെന്നാണ് എഡിറ്റോറിയല്‍ പറയുന്നത്.
കഠുവയില്‍ എട്ട് വയസുള്ള കുട്ടി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ടതിന് രാജ്യം മുഴുവന്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. എന്നാല്‍ മോദി അദ്ദേഹത്തിന്റെ പാര്‍ട്ടി വളരെ പ്രധാനമായി ഉള്‍പ്പെട്ട ഈ സംഭവത്തില്‍ മൗനം പാലിച്ചു. കഴിഞ്ഞ ആഴ്ച അവസാനം വരെ അദ്ദേഹം ആ മൗനം തുടര്‍ന്നുവെന്നും പത്രം ആഞ്ഞടിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ എന്നു മാത്രമാണ്, അദ്ദേഹത്തിന്റെ പാര്‍ട്ടി അംഗങ്ങള്‍ തന്നെ കുറ്റാരോപിതരായിട്ടുള്ള കേസിനെ അദ്ദേഹം വിശേഷിപ്പിച്ചത്. മോദിയുടെ രാഷ്ട്രീയത്തിന് ഒപ്പം നില്‍ക്കുന്നവര്‍ ഉള്‍പ്പെട്ട മുന്‍ കേസുകളിലും മൗനം തന്നെയായിരുന്നു മോദിക്കെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നത്.
ആഴ്ചകളായി ജനരോഷം രാജ്യമൊട്ടാകെ ഇരമ്പിയപ്പോഴും തന്റെ പാര്‍ട്ടിയിലെ അംഗങ്ങള്‍ കുറ്റാരോപിതരായപ്പോള്‍ അവരെ ന്യായീകരിക്കാനായി നടത്തിയ നീക്കങ്ങള്‍ ഒട്ടും ന്യായീകരിക്കാനാവാത്തതാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറഞ്ഞു വയ്ക്കുന്നു. യഥാര്‍ത്ഥ കുറ്റവാളിയെ രക്ഷിക്കാന്‍ ശ്രമിക്കവേ തന്നെ, ഒരു റിട്ടയര്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെയും പോലീസുദ്യോഗസ്ഥരടക്കമുള്ളവരെയും കുടുക്കാനും ശ്രമിച്ചിരുന്നു.
ഉന്നോവോ സംഭവത്തില്‍ മോദി മൗനം പാലിച്ചതിനെക്കുറിച്ചും ന്യൂയോര്‍ക്ക് ടൈംസ് കുറ്റപ്പെടുത്തല്‍ നടത്തുകയുണ്ടായി. തന്റെ തന്നെ എംഎല്‍എ കുറ്റക്കാരനായ കേസിലും മോദി അറിയാത്ത ഭാവം നടിച്ചതായി ന്യൂയോര്‍ക്ക് െൈടെസ് പറയുന്നു. കാലങ്ങളായി തുടരുന്ന പീഡനപരമ്പരയായിരുന്നിട്ടും, പെണ്‍കുട്ടി പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു പ്രതികരണവും നടത്താത്തത് രാജ്യ തലവനെന്ന നിലയിലുള്ള മോദിയുടെ പരാജയത്തെയാണ് കാണിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
മോദിയുടെ മൗനം നിരാശാജനകവും അത്ഭുതകരവുമാണെന്നും ഡല്‍ഹി ബലാത്സംഗ കേസില്‍ മൗനം പാലിച്ച കഴിഞ്ഞ സര്‍ക്കാരില്‍ നിന്ന് മോദി പാഠം ഉള്‍ക്കൊള്ളാന്‍ പരാജയപ്പെട്ടുവെന്നും എഡിറ്റോറിയല്‍ വിലയിരുത്തി.