പെരുന്പാവൂർ: ജിമിക്കിക്കമ്മലും കാശിയലിക്കത്തും മാങ്ങാ മാലയുമണിഞ്ഞ് മണവാട്ടി മൊഞ്ചോടെ അവർ ഒപ്പനവേ ദിയിൽ പ്രായം മറന്ന് ആടിത്തിമർത്തു. സംസ്ഥാനത്ത് നടന്നു വരുന്ന കുടുംബശ്രീ കലോത്സവങ്ങളിൽ കോതമംഗലം, കൂവപ്പടി താലൂക്കുതല കുടുംബശ്രീ മഹിളകളുടെ കലാ പ്രകടനമാണ് ആവേശകരമായത്.
ഒപ്പന മാത്രമല്ല, തിരുവാതിരയും മാർഗം കളിയും നാടകവും ഒക്കെയായി അവർ സ്റ്റേജിൽ നിറഞ്ഞാടിയപ്പോൾ രായമംഗലം കമ്യൂണിറ്റി ഹാളിലെ മത്സരങ്ങൾ കാണികൾക്ക് കണ്ണിനു വിരുന്നായി. നാടോടി നൃത്തവും മാപ്പിളപ്പാട്ടും അവതരിപ്പിച്ച പഴയ സ്കൂൾ കലാകാരികൾ അവസരം വന്നപ്പോൾ പ്രായത്തെ റിവേഴ്സ് ഗിയറിലാക്കി.
ബ്ലോക്കുതലത്തിൽ കൂവപ്പടി ഓവറോൾ ചാന്പ്യൻ പട്ടം നേടിയപ്പോൾ സിഡിഎസ് തലത്തിൽ ഏറ്റവും കൂടുതൽ പോയന്റ് നേടിയത് വേങ്ങൂർ സിഡിഎസാണ്. രണ്ടാം സ്ഥാനം കൂവപ്പടി പഞ്ചായത്തും മൂന്നാം സ്ഥാനം പെരുന്പാവൂർ നഗരസഭയുമാണ് കരസ്ഥമാക്കിയത്.