റെനീഷ് മാത്യു
കണ്ണൂർ: മുഖ്യമന്ത്രിക്കു പുറമെ മന്ത്രിമാർക്കും കനത്ത സുരക്ഷയൊരുക്കാൻ എഡിജിപിയുടെ ഉത്തരവ്. ജില്ലാ പോലീസ് മേധാവിമാർക്കാണ് എഡിജിപി അജിത്ത് കുമാർ നിർദേശം നല്കിയിരിക്കുന്നത്.
ബജറ്റിൽ ഇന്ധനസെസും നികുതിയും വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ സംഘടനകൾ വ്യാപക പ്രതിഷേധം സംഘടിപ്പിച്ച് വരുന്നതിനിടെയാണ് മുഖ്യമന്ത്രിക്കും മന്ത്രിക്കും സുരക്ഷ കൂട്ടുന്നത്.
മുഖ്യമന്ത്രിക്ക് മാത്രമല്ല മന്ത്രിമാർക്കും പൈലറ്റും എസ്കോർട്ടും പോണം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യമുണ്ടായിരിക്കണം. മന്ത്രിമാരുടെ പരിപാടിയിൽ ഡിവൈഎസ്പി നിർബന്ധമായും ഉണ്ടായിരിക്കണം.
മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിക്കുന്ന റൂട്ടുകളിലെ പ്രധാന പോയിന്റുകളിൽ പോലീസ് ഉണ്ടായിരിക്കണം. നിലവിൽ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ മാത്രമാണ് പോലീസ് കാവൽ ഉണ്ടായിരുന്നത്.
എന്നാൽ, മന്ത്രിമാരുടെ സുരക്ഷയ്ക്കും ഇതു വേണമെന്നാണു നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ നിലവിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനു പുറമെ അഡീഷണലായി മറ്റൊരു സട്രൈക്കിംഗ് ഫോഴ്സിനെയും നിയമിക്കണം.
മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ ഒരു സ്ട്രൈക്കിംഗ് ഫോഴ്സിനെയും നിയോഗിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സബ് ഡിവിഷനിലും സ്ട്രൈക്കിംഗ് ഫോഴ്സിനെ രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്ത് നിലവിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സിനു പുറമെ മറ്റൊരു സ്ട്രൈക്കിംഗ് ഫോഴ്സിന് രൂപം കൊടുക്കാനും നിർദേശമുണ്ട്. മുൻകരുതൽ അറസ്റ്റ് വ്യാപകമാക്കാനും നിർദേശമുണ്ട്.