മുണ്ടക്കയം ഈസ്റ്റ്: ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ചെന്നാപ്പാറ മുകളിൽ വീണ്ടും പുലി ഇറങ്ങിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
ചെന്നാപ്പാറ ബി ഡിവിഷനിലെ ഫീൽഡ് ഓഫീസർ എം.എസ്. റെജിയുടെ വീടിന്റെ വരാന്തയിലാണ് പുലിയെ കണ്ടത്.
കഴിഞ്ഞ ദിവസം രാത്രി 9.30ന് സിറ്റൗട്ടിൽ കിടന്നിരുന്ന പട്ടി കുരയ്ക്കുന്നത് കേട്ട് ലൈറ്റിട്ട് വാതിൽ തുറന്നു നോക്കിയപ്പോഴാണ് തൊട്ടു മുന്നിൽ നിന്നു പുലി ഓടിപ്പോകുന്ന കാഴ്ച കണ്ടത്.
പുലിയുടെ ആക്രമണത്തിൽ വളർത്തുനായ്ക്കൾക്കു പരിക്കേറ്റിരുന്നു. ഏതാനും നാളുകൾക്കു മുമ്പ് എസ്റ്റേറ്റിലെ ജീവനക്കാരൻ പുലിയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
മേഖലയിലെ പശു, നായ അടക്കമുള്ള നിരവധി വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിൽ ചത്തത്.
പരാതി വ്യാപകമായതോടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുലിയുടെ സാന്നിധ്യം തിരിച്ചറിയുവാനായി വനംവകുപ്പ് മേഖലയിൽ കാമറകൾ സ്ഥാപിച്ചിരുന്നു.
ഇതിനു പിന്നാലെ വീണ്ടും പുലി പ്രത്യക്ഷപ്പെട്ടത് നാട്ടുകാരിൽ ഭീതി ജനിപ്പിച്ചിരിക്കുകയാണ്.
കുട്ടികളും പ്രായമായവരുമടക്കം നിരവധി ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടും നിരവധി ആളുകൾ പുലിയെ നേരിട്ടു കണ്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാൻ വനംവകുപ്പ് തയാറാകുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു.
മേഖലയിൽ കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നും അല്ലാത്തപക്ഷം ഫോറസ്റ്റ് ഓഫീസിലേക്ക് പ്രക്ഷോഭം അടക്കമുള്ള സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും ഫീൽഡ് ഓഫീസർ എം.എസ്. റെജി, എസ്റ്റേറ്റ് സൂപ്പർവൈസർ ശരത് ഒറ്റപ്ലാക്കൻ, യൂണിയൻ പ്രതിനിധികളായ സുനിൽ കുമാർ, പി.കെ. ബെന്നി, അഷ്റഫ്, ബാബു തുടങ്ങിയവർ അറിയിച്ചു.
ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.