കൽപ്പറ്റ: വയനാട്ടിൽനിന്ന് സംസ്ഥാന മന്ത്രിപദത്തിൽ എത്തുന്ന നാലാമത്തെ വ്യക്തിയാണ് തിരുനെല്ലി പഞ്ചായത്തിൽനിന്നുള്ള ഒ.ആർ. കേളു. ജില്ലയിൽനിന്നുള്ള പ്രഥമ സിപിഎം മന്ത്രി എന്ന പദവിയും പട്ടികവർഗത്തിലെ കുറിച്യ സമുദായത്തിൽനിന്നുള്ള കേളുവിനു സ്വന്തമാകും.
എം.പി. വീരേന്ദ്രകുമാർ, കെ.കെ. രാമചന്ദ്രൻ, പി.കെ. ജയലക്ഷ്മി എന്നിവരാണ് മുന്പ് സംസ്ഥാന മന്ത്രിസഭയിൽ ഇടംപിടിച്ച വയനാട്ടുകാർ. 1982ലെ കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം. കമലം കൽപ്പറ്റ മണ്ഡലത്തിൽനിന്നാണു നിയമസഭയിൽ എത്തിയതെങ്കിലും വയനാട് സ്വദേശിനിയല്ല.
എം.പി. വീരേന്ദ്രകുമാറാണ് ജില്ലയിൽനിന്നുള്ള ആദ്യ സംസ്ഥാന മന്ത്രി. 1987 ഏപ്രിൽ രണ്ടിന് വനം മന്ത്രിയായി ചുമതലയേറ്റ അദ്ദേഹം ദിവസങ്ങൾക്കുള്ളിൽ രാജിവയ്ക്കുകയായിരുന്നു. വീരേന്ദ്രകുമാർ പിന്നീട് കേന്ദ്ര മന്ത്രിസഭകളിലും ഇടംപിടിച്ചു. ദേവഗൗഡ മന്ത്രിസഭയിൽ 1997 ഫെബ്രുവരി 21 മുതൽ ജൂണ് ഏഴു വരെ ധന സഹമന്ത്രിയായിരുന്നു അദ്ദേഹം. പിന്നീട് ഐ.കെ. ഗുജറാൾ മന്ത്രിസഭയിൽ സ്വതന്ത്ര ചുമതലയുള്ള തൊഴിൽമന്ത്രിയായിരുന്നു.
കോണ്ഗ്രസ് നേതാവായ കെ.കെ. രാമചന്ദ്രൻ 1995-96ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ ഭക്ഷ്യ, പൊതുവിതരണ മന്ത്രിയായിരുന്നു. 2004-06ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തതും അദ്ദേഹമാണ്. 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരുന്നു മാനന്തവാടിയിൽനിന്നുള്ള പി.കെ. ജയലക്ഷ്മി.
പട്ടികവർഗത്തിലെ കുറിച്യ വിഭാഗത്തിൽനിന്നുള്ള അവർ പട്ടികജാതി-വർഗ ക്ഷേമ വകുപ്പാണു കൈകാര്യം ചെയ്തത്. 2016ലെ തെരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലത്തിൽ ജയലക്ഷ്മിയെ 1,307 വോട്ടിന് പരാജയപ്പെടുത്തിയാണ് ഒ.ആർ. കേളു ആദ്യമായി നിയമസഭയിലെത്തിയത്. 2021ൽ ജയലക്ഷ്മിയെ നേരിട്ട കേളു ഭൂരിപക്ഷം 9,282 വോട്ടായി വർധിപ്പിച്ചു.
കർഷക കുടുംബാംഗമാണു കേളു (54). നിലവിൽ സിപിഎം സംസ്ഥാന സമിതിയംഗവും ആദിവാസി ക്ഷേമ സമിതി സംസ്ഥാന പ്രസിഡന്റുമാണ്. സിപിഎം കാട്ടിക്കുളം ലോക്കൽ കമ്മിറ്റി അംഗം, മാനന്തവാടി ഏരിയ കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പത്താം ക്ലാസിൽ പഠിപ്പുനിർത്തി ഉപജീവനത്തിനു കൂലിപ്പണിയെടുത്തിരുന്ന കേളു രണ്ടര പതിറ്റാണ്ടുമുന്പാണ് പൊതുരംഗത്ത് സജീവമായത്.
2000ൽ തിരുനെല്ലി പഞ്ചായത്ത് ഭരണ സമിതിയിലെത്തിയ അദ്ദേഹം പിന്നീട് പഞ്ചായത്ത് പ്രസിഡന്റും മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗവുമായി. 2016ലും 2021ലും മാനന്തവാടി എംഎൽഎയായി. കാട്ടിക്കുളം ഓലഞ്ചേരി പുത്തൻമിറ്റം രാമൻ-അമ്മു ദന്പതികളുടെ മകനാണ്. ഭാര്യ ശാന്തയും മിഥുന, ഭാവന എന്നീ മക്കളും അടങ്ങുന്നതാണു കുടുംബം.