സാധാരണയായി എല്ലാവരുടെ വായിലും കാണപ്പെടുന്ന ഒരു അവസ്ഥയാണ് വായ്പ്പുണ്ണ്. ഇതു പല കാരണങ്ങളാൽ ഉണ്ടാകുന്നു. ഈ അവസ്ഥ ശരീരത്തിലെ മറ്റു രോഗങ്ങളുടെ ലക്ഷണങ്ങളായും കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് ഈ അസുഖത്തെ വേർതിരിക്കുക എന്നത് ഒരു വെല്ലുവിളിയാണ്.
വായിലെ തൊലിക്കു കട്ടികുറവായതിനാൽ അവ പെട്ടെന്നു മുറിയുകയും പിന്നീട് നമ്മൾ ഭക്ഷണം കഴിക്കുന്പോഴും ചവയ്ക്കുന്പോഴും ഈ മുറിവ് വലുതാകുകയും അവയ്ക്ക് അണുബാധ ഉണ്ടാകുകയും ചെയ്യുന്നു. ഇതു പിന്നീട് അതിശക്തമായ വേദനയ്ക്കും കാരണമാകുന്നു.
വായിൽ പലതരത്തിലുള്ള വായ്പ്പുണ്ണുകൾ കാണപ്പെടാറുണ്ടെങ്കിലും തുടർച്ചയായി കാണപ്പെടുന്ന വായ്പ്പുണ്ണുകളും ദീർഘകാലം നിലനിൽക്കുന്നവയുമാണ് കാൻസറിനു കാരണമാകുന്നത്.
കാരണങ്ങൾ
ശരീരത്തിലെ രോഗപ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്ന അവസ്ഥയാണ് മാനസികസംഘർഷം. അത്തരത്തിൽ രോഗപ്രതിരോധശേഷി കുറയുന്പോഴാണ് ആഫ്ത്തസ് അൾസർ ഉണ്ടാകുന്നത്. പരീക്ഷാകാലങ്ങളിൽ കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മാനസികസംഘർഷം പലപ്പോഴും ആഫ്ത്തസ് അൾസറിന് കാരണമാകാറുണ്ട്. കൂടാതെ മാനസിക സംഘർഷമുള്ളവർ ചുണ്ടുകളും കവിളിന്റെ ഉൾഭാഗവും കടിച്ചുമുറിക്കുന്നത് സാധാരണയായി കാണാറുണ്ട്. ഇങ്ങനെ ചെയ്യുന്പോൾ തുടർച്ചയായി ഉണ്ടാകുന്ന വായിലെ മുറിവ് അൾസറിനു കാരണമാകുന്നു.
പലപ്പോഴും ദന്തചികിത്സയ്ക്കായി ആ ഭാഗം മരവിപ്പിക്കാൻ പല കുത്തിവയ്പുകളും നടത്താറുണ്ട്. അതുവഴി പല്ലിന്റെ ആ ഭാഗവും ചുണ്ടും മരവിപ്പിക്കുന്നതിനാൽ ചികിത്സയ്ക്കുശേഷം രോഗിക്ക് ചുണ്ടുകളും കവിളിന്റെ ഉൾഭാഗവും കടിച്ചുമുറിക്കുന്നതുവഴി അൾസർ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പല്ലിന്റെ തേയ്മാനം മൂലം ഉണ്ടായ കൂർത്ത അഗ്രങ്ങളോടുകൂടിയ പല്ലുകൾ, അതിശക്തമായി ബ്രഷ് ചെയ്യൽ എന്നിവയും അൾസറിന് കാരണങ്ങളാണ്.
ശരീരത്തിലെ ഹോർമോണ് വ്യതിയാനങ്ങളും ആഫ്ത്തസ് അൾസർ ഉണ്ടാകുന്നതിന് മറ്റൊരു കാരണമാണ്. സ്ത്രീകളിലാണ് വായ്പ്പുണ്ണ് കൂടുതലായും കാണുന്നത്. ഗർഭനിരോധന ഗുളികകൾ കഴിക്കുന്നവരിലും ആർത്തവസമയത്തുമാണ് ഈ രോഗം കാണാറുള്ളത്. ശരീരത്തിലെ പ്രൊജസ്ട്രോണ് അളവ് കുറയുന്നതുകൊണ്ടാണ് അൾസർ ഉണ്ടാകുന്നത്.
ചോക്ലേറ്റ്, മുട്ട, കോഫി എന്നീ ഭക്ഷണപദാർഥങ്ങളുടെ അലർജി അൾസറിന് ഒരു കാരണമാണ്. രോഗപ്രതിരോധശേഷി കുറയ്ക്കുന്ന എച്ച്ഐവി, സൈക്ലിക് ന്യുട്രോഫീനിയ തുടങ്ങിയ സാംക്രമികരോഗങ്ങൾ, ഫോളിക് ആസിഡ്, ഇരുന്പ് എന്നിവയുടെ കുറവ്, ആമാശയ രോഗങ്ങളായ സീലിയാക് ഡിസീസ്, ക്രോണ്സ് ഡിസീസ് തുടങ്ങിയവ മറ്റു ചില കാരണങ്ങളാണ്. കൂടാതെ സൈറ്റോട്രോക്സിക് മരുന്നുകളും അൾസറിന് കാരണമാകുന്നു.
ആഫ്ത്തസ് അൾസർ എങ്ങനെ തിരിച്ചറിയാം
പ്രധാനമായും മൂന്നു തരത്തിലാണ് ഇവ കാണപ്പെടുന്നത്. മൈനർ ആഫ്ത്തേ, മേജർ ആഫ്ത്തേ, ഹെർപെറ്റിഫോം
ആഫ്ത്തേ.
മൈനർ ആഫ്ത്തേ
10-40 വയസുവരെയുള്ളവരിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. 2-4 മില്ലീമീറ്റർ വലിപ്പത്തിലും വട്ടത്തിലുമാണ് ഈ കാണപ്പെടുന്നത്. ആദ്യഘട്ടത്തിൽ മഞ്ഞനിറത്തിലും അത് ഉണങ്ങുന്നതനുസരിച്ച് ഗ്രേ നിറത്തിലുമാണ് കാണപ്പെടുന്നത്. അവയ്ക്കു ചുറ്റും ഒരു ചുവപ്പുവലയം കാണപ്പെടുന്നു. പ്രധാനമായും ചുണ്ട്, കവിൾ, നാക്ക്, എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഇവ 7 – 10 ദിവസം വരെ കാണും. 1 – 4 മാസങ്ങൾക്കിടെ അവ വീണ്ടും കാണാൻ സാധ്യതയുണ്ട്. മുറിപ്പാടുകൾ അവശേഷിക്കില്ല.
മേജർ ആഫ്ത്തേ
വളരെ വേദന ഉണ്ടാകുന്ന ഈ വ്രണങ്ങൾ വലുതും കുറേക്കാലത്തേക്കു നീണ്ടുനിൽക്കുന്നതുമാണ്. അവയ്ക്ക് ഒരു സെന്റീമീറ്ററിൽ കൂടുതൽ വലിപ്പമുണ്ട്. വായിൽ എവിടെവേണമെങ്കിലും ഇവ രൂപപ്പെടാം. മുറിവുണങ്ങിയതിനുശേഷവും മുറിപാട് അവശേഷിക്കാറുണ്ട്.
ഹെർപറ്റിഫോം അൾസർ
പ്രായമായവരിലും സ്ത്രീകളിലുമാണ് ഇതു കൂടുതലായി കാണപ്പെടുന്നത്. 10-100 വരെ ചെറിയ കുരുക്കളായിട്ടാണ് കാണപ്പെടുന്നത്. ഇവ ഉണങ്ങാനായി പത്തോ അതിൽ കൂടുതലോ ദിവസമെടുക്കും.
പ്രതിരോധമാർഗങ്ങളും ചികിത്സയും
വായ്പ്പുണ്ണിന്റെ പ്രധാന ചികിത്സാരീതി അവയുടെ ലക്ഷണങ്ങളെ ഇല്ലാതാക്കുകയാണ്. അതിനുവേണ്ടി പുറമേ പുരട്ടുന്ന മരുന്നുകളാണ് ഉപയോഗിക്കുഒന്നത്. ആന്റിസെപ്റ്റിക് ഓയിന്റ്മെന്റുകളും അനസ്തെറ്റിക് ഓയിന്റ്മെന്റുകളായ ലിഡോകേൻ, ബെൻസോകേൻ എന്നിവയുമാണ് ഉപയോഗിക്കേണ്ടത്. ഇവ ഫലപ്രദമാകാത്ത സാഹചര്യത്തിൽ സ്റ്റിറോയ്ഡ് ഓയിന്റ്മെന്റുകളും ഉപയോഗിക്കാവുന്നതാണ്.
കൂടാതെ പുളി, ഉപ്പ്, ജ്യൂസ്, ശീതളപാനീയങ്ങൾ, എരിവുള്ള ഭക്ഷണം, ആസിഡ് അടങ്ങിയ ഭക്ഷണം എന്നിവയും ഒഴിവാക്കേണ്ടതാണ്. സോഡിയം ലോറയിൽ സൾഫേറ്റ് അടങ്ങിയ ഉത്പന്നങ്ങൾ ഒഴിവാക്കേണ്ടതാണ്. ലിഡോകേൻ ജെൽ, സ്്പ്രേ എന്നീ രൂപങ്ങളിൽ ലഭ്യമാണ്. ബെൻഡോകേൻ, സീടയിൻ പിറഡിയം ക്ലോറൈഡ് അടങ്ങിയ മൗത്ത് വാഷുകൾ ഉപയോഗിക്കണം. ട്രൈക്ലോസൻ ഇൻ എത്തനോൾ, സിങ്ക് സൾഫേറ്റ് അടങ്ങിയ മൗത്ത് വാഷുകൾ പുതിയ വ്രണങ്ങൾ ഉണ്ടാകുന്നത് തടയും.
ടെട്രാസൈക്ലിൻ പൊടി വെള്ളത്തിൽ ചാലിച്ച് വ്രണങ്ങളിൽ പുരട്ടുന്നതും നല്ലതാണ്. കോൾച്ചിസയിൻ, പ്രെഡ്നിസോളൻ എന്നീ മരുന്നുകളാണ് വായ്പ്പുണ്ണിന്റെ ചികിത്സയ്ക്ക് പൊതുവേ ഉപയോഗിക്കുന്നത്. കോൾബിസയിൻ ഗുളികകളോട് പ്രതികരിക്കുന്നില്ലെങ്കിൽ കോൾച്ചിസയിൻ ബെൻഡസാത്തിൻ പെനിൻസിലിൻ അടങ്ങിയ ഗുളികകളും ഉപയോഗിക്കേണ്ടതാണ്. ആർത്തവസമയങ്ങളിൽ അൾസർ ഉണ്ടാകുന്നവർ ടെസ്റ്റോസ്റ്റീറോൺ കുത്തിവയ്പുകൾ എടുക്കണം.
വിറ്റാമിൻ ഗുളിക കഴിക്കുന്നതും അൾസർ തടയുന്നതിന് സഹായിക്കും. ചില സന്ദർഭങ്ങളിൽ ലേസർ ചികിത്സാരീതിയും ഉപയോഗിക്കാറുണ്ട്. കൂടാതെ ഹൈഡ്രജൻ പെറോക്സൈഡ്, സിൽവർ നൈട്രേറ്റ് എന്നിവയും അൾസർ ഉണങ്ങുന്നതിന് സഹായിക്കുന്നു.
എല്ലാ വായ്പ്പുണ്ണുകളും ആഫ്ത്തസ് അൾസർ ആകണമെന്നില്ല. മറ്റു പല സാംക്രമികരോഗങ്ങളുടെ ലക്ഷണമായും ഇവ കാണപ്പെടാറുണ്ട്. വായിലെ കാൻസർ ചിലപ്പോൾ നീണ്ടകാലം നിലനിൽക്കുന്ന അൾസറായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിൽ മൂന്ന് ആഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന അൾസറുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ഒരു ദന്തരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം ആവശ്യമെങ്കിൽ ബയോപ്സി ചെയ്യണം.
ഡോ. വിനോദ് മാത്യു മുളമൂട്ടിൽ
(അസിസ്റ്റൻറ് പ്രഫസർ, പുഷ്പഗിരി
കോളജ് ഓഫ് ദന്തൽ സയൻസസ്,
തിരുവല്ല) ഫോണ് 9447219903
[email protected]
www.dentalmulamoottil.com