ആലപ്പുഴ: ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അടിയന്തിര സാഹചര്യം നേരിടാൻ എല്ലാ ജീവനക്കാരും സന്നദ്ധരായിരിക്കണമെന്ന് എഡിഎം ഐ.അബ്ദൂൾ സലാം. ഓറഞ്ച് അലർട്ടിന്റെ പശ്ചാത്തലത്തിൽ ഇന്നും നാളെയും വില്ലേജ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.
ആവശ്യമായ താലൂക്കുകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കാനാവുന്ന കെട്ടിടങ്ങൾ കണ്ടെത്താനും സ്കൂളുകളെ പരമാവധി ഈ പട്ടികയിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ഇതേക്കുറിച്ചാലോചിക്കാൻ വിളിച്ചു ചേർന്ന യോഗത്തിലാണ് എഡിഎമ്മിന്റെ നിർദ്ദേശം. താലൂക്ക് ആസ്ഥാനങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്ട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
ജില്ലാ ആസ്ഥാനത്തെ ദുരന്തനിവാരണ വിഭാഗത്തിലെ കണ്ട്രോൾ റൂമിനു പുറമെ പോലീസ് ആസ്ഥാനത്തും കണ്ട്രോൾ റൂം തുറക്കും. കണ്ട്രോൾ റൂമിൽ 24 മണിക്കുറൂം ജീവനക്കാരുണ്ടെന്ന് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാന്പുകൾ തുറക്കേണ്ടി വന്നാൽ അവിടങ്ങളിൽ പുറമെ നിന്നുള്ള ഭക്ഷണപൊതിയുൾപ്പെടയുള്ളവ സ്വീകരിക്കില്ല. ഭക്ഷണത്തിനാവശ്യമായവ സിവിൽ സപ്ലൈസ് വഴി സംഭരിക്കാൻ നടപടിയുണ്ടാകും.
ജില്ല സപ്ലൈ ഓഫീസ് ഇത്തരം കേന്ദ്രങ്ങളിൽ ആവശ്യത്തിന് പാചകവാതകം ഉറപ്പാക്കണമെന്നും എഡിഎം നിർദ്ദേശിച്ചു. ആവശ്യമായ ആരോഗ്യപരിരക്ഷ ഉറപ്പാക്കാൻ ജില്ല മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ സംവിധാനമൊരുക്കും.
ഓറഞ്ച് അലർട്ട് ഉൾപ്പെടയുള്ള മുന്നറിയിപ്പ് ഉള്ളപ്പോൾ ഒരുകാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നില്ലെന്നുറപ്പാക്കാൻ മത്സ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ ആവശ്യമായ രക്ഷാദൗത്യത്തിനുള്ള സജ്ജീകരണവും ഏർപ്പെടുത്തണം. വൈദ്യുതി രംഗത്തെ പ്രശ്നങ്ങൾ നേരിടാൻ രണ്ടു സർക്കിളുകളിലായി അടിയന്തിര കർമസേനയെ സജ്ജമാക്കുന്നതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.