കൊല്ലം: ജില്ലയില്‍ നാളെ മുതല്‍ 20 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. മഞ്ഞ അലര്‍ട്ടാണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിച്ചത്.മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളും ഉദ്യോഗസ്ഥരും തയാറെടുപ്പുകള്‍ നടത്താന്‍ ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍ദേശിച്ചു. താലൂക്ക്തലത്തില്‍ കൺട്രോള് റൂമുകള്‍ തുറക്കാനും നിര്‍ദേശമുണ്ട്.
മുന്‍ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളിലുള്ളവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമെര്‍ജന്‍സി കിറ്റ് തയാറാക്കണം. മാറി താമസിക്കേണ്ട സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കണം. ടോര്‍ച്ച്, റേഡിയോ, 500 മില്ലിലിറ്റര്‍ വെള്ളം, ഒ ആര് എസ് പാക്കറ്റ്, അവശ്യ മരുന്നുകള്‍, ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്കമുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്ച്ചില് ഇടാവുന്ന ബാറ്ററി, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത മൊബൈല്‍ ഫോണ്‍, അത്യാവശ്യം പണം എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്.
വിലപിടിപ്പുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക് ബാഗുകളില്‍ ഉയര്‍ന്ന സ്ഥലത്തു വീട്ടില്‍ സൂക്ഷിക്കാം. അടിയന്തര സാഹചര്യത്തില്‍ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത സ്ഥലത്തേക്ക് മാറണം.മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കണം, ബീച്ചുകളിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണം, നദി മുറിച്ചു കടക്കരുത്, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുക, നദിയില്‍ കുളിക്കുന്നതും തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക തുടങ്ങിയവയാണ് പൊതു നിര്‍ദേശങ്ങള്‍.
ദുരിതസാഹചര്യം മുന്‍നിറുത്തി സുരക്ഷിത സ്ഥാനങ്ങള്‍ സംബന്ധിച്ച് പ്രാദേശിക ഭരണകൂടങ്ങള്‍ നിശ്ചയിക്കും. അടിയന്തര സഹായത്തിനായി അധികൃതരുമായി ബന്ധപ്പെടണം. ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍ മെയിന്‍ സ്വിച്ച് ഓഫ് ആക്കണം.1077 ആണ് അടിയന്തര സാഹചര്യത്തില്‍ വിളിക്കേണ്ട നമ്പര്‍. ജില്ലയ്ക്ക് പുറത്തു നിന്ന് വിളിക്കുന്നവര്‍ എസ് ടി ഡി കോഡ് ചേര്‍ക്കണം.
അസുഖമുള്ളവര്‍, അംഗപരിമിതര്‍, ഭിന്നശേഷിക്കാര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് ദുരന്ത സാഹചര്യം വന്നാല്‍ പ്രത്യേക പരിഗണ നല്‍കണം. വളര്‍ത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം.
വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. ഫ്ളാറ്റുകളുടെ സെല്ലാറില്‍ കാര്‍ പാര്‍ക്ക് ചെയ്യരുത് എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.