ഇംഗ്ലീഷ് ഓപ്പണർ ജേസണ്‍ റോയിയെ തുടക്കത്തിലേ പുറത്താക്കാനുള്ള അവസരം ഇന്ത്യക്ക് ലഭിച്ചിരുന്നു. 11-ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു അത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ ഓവറിൽ ലെഗ്സൈഡിൽവന്ന പന്ത് റോയിയുടെ ഗ്ലൗസിൽ ഉരസി വിക്കറ്റ് കീപ്പർ എം.എസ്. ധോണിയുടെ കൈയിൽ. ഇന്ത്യ അപ്പീൽ ചെയ്തെങ്കിലും അന്പയർ അത് അനുവദിച്ചില്ല, വൈഡ് വിളിക്കുകയും ചെയ്തു. റിവ്യൂ നല്കിയിരുന്നെങ്കിൽ ഇന്ത്യക്ക് റോയിയെ പുറത്താക്കാമായിരുന്നു. ഇംഗ്ലീഷ് ഓപ്പണർ 25 പന്തിൽ 21 റണ്‍സുമായി നിൽക്കുന്പോഴായിരുന്നു അത്. ഡിആർഎസ് അവസരങ്ങൾ കൃത്യതയോടെ കണ്ടെത്തി ഉപയോഗപ്പെടുത്താറുള്ള ധോണി അത് ചെയ്യാതിരുന്നത് ഇന്ത്യക്ക് വൻ തിരിച്ചടിയായി.
റണ്ണൊഴുക്കിൽ മുങ്ങിത്താണ്
ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സിൽ ആദ്യ 10 ഓവറിൽ ഉണ്ടായിരുന്നത് 47 റണ്‍സ് മാത്രം. എന്നാൽ, തുടർന്ന് 25 ഓവർ വരെ ഇംഗ്ലണ്ട് അടിച്ചെടുത്തത് 133 റണ്‍സ്. 25 ഓവർ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 180ൽ എത്തി ആതിഥേയർ.
ഡെത്ത് ഓവറുകളിൽ ഷാമി ഫുൾടോസ് പന്തുകളിലൂടെ വഴങ്ങിയ റണ്‍സ് ഇന്ത്യക്ക് തിരിച്ചടിയായി. തന്റെ ഏഴ് ഓവറിൽ 25 റണ്‍സ് മാത്രമായിരുന്ന ഷാമി അവസാന മൂന്ന് ഓവറിൽ 44 റണ്‍സ് ആണ് വഴങ്ങിയത്. അവസാന 10 ഓവറിൽ ഇംഗ്ലണ്ട് നേടിയത് 92 റണ്‍സ്. ബുംറയുടെ കൃത്യതയാർന്ന ഓവറുകൾ ഇല്ലായിരുന്നെങ്കിൽ ഇംഗ്ലണ്ടിന്റെ സ്കോർ 350 കടക്കുമായിരുന്നു. തന്റെ അവസാന നാല് ഓവറിൽ ബുംറ നല്‍കിയത് 18 റണ്‍സ് മാത്രമായിരുന്നു.
മധ്യഓവറുകളിൽ സ്പിന്നർമാരുടെ കണിശതയായിരുന്നു കൂറ്റൻ സ്കോർ നേടുന്നതിൽ എതിർ ടീമിനെ തടയാൻ ഇതുവരെ ഇന്ത്യയുടെ കരുത്തായത്. എന്നാൽ, ഇന്നലെ സ്പിന്നർമാർ നിരാശപ്പെടുത്തി.
തോറ്റുകൊടുത്തതോ?
ഇംഗ്ലണ്ടിനോട് ഇന്ത്യ പരാജയപ്പെട്ടാൽ പാക്കിസ്ഥാന്റെ സെമി സാധ്യത മങ്ങുമെന്നതായിരുന്നു സാഹചര്യം. ഇന്ത്യക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽ ഒരെണ്ണം ജയിച്ചാൽ സെമിയിൽ എത്തുകയും ചെയ്യാം. ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ ജയിച്ചതോടെ, പാക്കിസ്ഥാൻ ബംഗ്ലാദേശിനെതിരേ ജയിക്കുകയും ന്യൂസിലൻഡ് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ചെയ്താൽ അവർക്ക് സെമി സാധ്യതയുണ്ട്.
കൂറ്റൻ സ്കോർ ചേസ് ചെയ്യുന്പോൾവേണ്ട ആക്രമണ മനോഭാവം ഇല്ലാതെ ശാന്തമായ ബാറ്റിംഗ് ആയിരുന്നു ഇന്ത്യയുടേത്. ജയിക്കുന്നതിലും തോൽവി ഭാരം കുറയ്ക്കുന്നതിലായിരുന്നു അവരുടെ ശ്രദ്ധയെന്ന് വിവിധ കോണുകളിൽനിന്ന് വിമർശനം ഉയർന്നു. ഡെത്ത് ഓവറുകളിൽ സിംഗിൾ എടുത്ത് കളിച്ച ധോണി, കേദാർ ജാദവ് തുടങ്ങിയവരുടെ സമീപനമാണ് ഇതിനെ സാധൂകരിക്കാൻ ചൂണ്ടികാണിക്കപ്പെടുന്നത്. ദയനീയ ബൗളിംഗിലൂടെ ഇന്ത്യ സ്വമേധയാ റണ്‍ വഴങ്ങി ഇംഗ്ലണ്ടിനു കൂറ്റൻ സ്കോർ സമ്മാനിക്കുകയായിരുന്നു എന്നും വിമർശനമുണ്ട്.