കോട്ടയം: ലോ ഓഫ് മീൽസ്… ആദ്യം കേൾക്കുന്പോൾ ആരും ചിന്തിച്ചുപോകും, ഉൗണു കഴിക്കാനും നിയമമോ. നഗര ത്തിലെ ഒരു റസ്റ്ററന്റിലാണു ലോ ഓഫ് മീൽസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കായി കോട്ടയം നഗരത്തിലെ ബേക്കർ ജംഗ്ഷനിലുള്ള ഓറഞ്ച് ഹോട്ട് ഫുഡ്സ് എന്ന റസ്റ്ററന്റാണ് ലോ ഓഫ് മീൽസ് എന്ന പുതുമയുള്ള ആശയം നടപ്പിലാക്കിയിരിക്കുന്നത്.
എന്താണു ഈ പറയുന്ന ലോ ഓഫ് മീൽസ് എന്നു റസ്റ്ററന്റിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്റർ കണ്ടാൽ എല്ലാവർക്കും പിടികിട്ടും. ഇവിടെ കയറുന്ന എല്ലാവരും ഭിത്തിയിൽ ഓറഞ്ച് ലോ ഓഫ് മീൽസ് എന്ന തലക്കെട്ടോടെ എഴുതി ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിലേക്കാണ് ആദ്യം നോക്കുന്നത്.
ആദ്യം സംഭവമെന്താണെന്നു പിടികിട്ടിയില്ലെങ്കിൽ പോസ്റ്റർ മുഴുവൻ വായിക്കുന്നതോടെ കാര്യങ്ങൾ മനസിലാകും.
ഇവിടെ നിന്നു കഴിക്കാൻ ഉൗണു വാങ്ങിയശേഷം രണ്ടാമതു ചോറു വാങ്ങി മിച്ചംവയ്ക്കുന്നവർക്കു 50 രൂപ പിഴയും മൂന്നാമതു ചോറു വാങ്ങി മിച്ചം വയ്ക്കുന്നവർക്കു 100രൂപയും റസ്റ്ററന്റ് ഉടമ പിഴയായി ചുമത്തുമെന്നാണു ലോ ഓഫ് മീൽസ് എന്ന തലക്കെട്ടിൽ എഴുതിയിരിക്കുന്ന പോസ്റ്ററിൽ വ്യക്തമാക്കുന്നത്.
എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന തുക ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വകയില്ലാത്തവർക്കുവേണ്ടി ഉപയോഗപ്പെടുത്തുമെന്നു പറയുന്പോഴാണു യഥാർഥ്യത്തിൽ ലോ ഓഫ് മീൽസ് കൃത്യമാകുന്നത്. ഇത്തരത്തിൽ പലരെയും റസ്റ്ററന്റ് ഉടമ ഭക്ഷണം നൽകി സഹാ യിക്കുന്നതായും അവകാശപ്പെടുന്നു. റസ്റ്ററന്റിൽ കയറുന്ന പലരും വളരെ കൗതുകപൂർവം പോസ്റ്റർ നോക്കി ഭക്ഷണം കഴിച്ചശേഷം ചിരിയോടെയാണു മടങ്ങുന്നത്.