മുണ്ടക്കയം ഈസ്റ്റ്: കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ മുണ്ടക്കയം, പെരുവന്താനം, കൊടികുത്തി, മുറിഞ്ഞപുഴ പ്രദേശങ്ങളെ വിറപ്പിച്ച് അതിതീവ്ര മഴ.
തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വ്യാപക നാശനഷ്്ടമാണുണ്ടായിരിക്കുന്നത്. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ ഗതാഗതം മണിക്കൂറുകളോളമാണ് തടസപ്പെട്ടത്. ഇന്നു രാവിലെയാണ് ഗതാഗതം സാധാരണ നിലയിലായത്.
കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മണ്ണും, മരങ്ങളും ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. കുട്ടിക്കാനത്തിനും 35-ാംമൈലിനുമിടയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്.
റോഡിൽ ആറിടങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. പീരുമേട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സും പെരുവന്താനം പോലീസുമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡിലെ മരങ്ങൾ വെട്ടിമാറ്റിയതും ഗതാഗതം പുനഃസ്ഥാപിച്ചതും.
ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മഴ രാത്രി എട്ടിനു ശേഷമാണ് അല്പം ശമിച്ചത്. കനത്ത കാറ്റിലും മഴയിലും പ്രദേശത്തെ നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചുഴിപ്പിന് സമീപം മരം കടപുഴകി വീണു വീടിനും, വാഹനത്തിനും കേടുപാട് സംഭവിച്ചു.
വീട്ടുകാർ അപകടത്തിൽ നിന്നും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലിൽ പെരുവന്താനം പോലീസ് സ്റ്റേഷനിലും വെള്ളം കയറി. പ്രദേശത്തെ വൈദ്യുതി ബന്ധം താറുമാറായിരിക്കുകയാണ്. കെഎസ്ഇബി അധികൃതർ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
മലയോരമേഖലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ നാശനഷ്ടങ്ങൾ വിലയിരുത്തി വരുന്നതേയുള്ളൂ. അമലഗിരി, ചുഴുപ്പ്, ആചാരി മേഖലകളിലെ പ്രാദേശിക റോഡുകളെല്ലാം കനത്ത മഴവെള്ളപ്പാച്ചിലിൽ തകർന്നിട്ടുണ്ട്. റവന്യു വകുപ്പിനെയും, പഞ്ചായത്തിന്റെയും നേതൃത്വത്തിൽ നാശനഷ്ടങ്ങൾ വിലയിരുത്തുന്നുണ്ട്.
മുണ്ടക്കയം ടൗണിലും കനത്ത മഴയാണുണ്ടായത്. ടൗണിൽ റോഡിലേക്ക് കല്ലും മണ്ണും ഒഴുകി വന്നു. കനത്ത മഴയെത്തുടർന്ന് മണിമലയാറിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു.