ന്യൂഡല്‍ഹി: ഓറഞ്ച് അലര്‍ട്ട് ലഭിക്കുമ്പോള്‍തന്നെ മുന്നൊരുക്കം നടത്തണമെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹപത്ര. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലാണ് ഐഎംഡി മേധാവിയുടെ വിശദീകരണം.
ഓറഞ്ച് അലര്‍ട്ട് എന്നാല്‍ നടപടികള്‍ക്ക് തയാറാകുക എന്നതാണ് അർഥമാക്കുന്നതെന്നും റെഡ് അലര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സമാനമായ മുന്നറിയിപ്പാണ് ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും നല്‍കിയിരുന്നതെന്നും മൊഹപത്ര പറഞ്ഞു.
ജൂലൈ 25 മുതല്‍ ഓഗസ്റ്റ് ഒന്നു വരെ പടിഞ്ഞാറന്‍ തീരത്തും രാജ്യത്തിന്റെ മധ്യഭാഗങ്ങളിലും കനത്ത മഴ ലഭിക്കുമെന്ന് തങ്ങള്‍ പ്രവചിച്ചിരുന്നു. ജൂലൈ 25ന് നല്കിയ യെല്ലോ അലര്‍ട്ട് ജൂലൈ 29 വരെ തുടര്‍ന്നു. 29ന് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. ജൂലൈ 30ന് അതിരാവിലെ 20 സെ.മീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്ന റെഡ് അലര്‍ട്ട് നല്‍കിയതായും മൊഹപത്ര പറഞ്ഞു.