
കോഴിക്കോട് : ഉന്തുവണ്ടിക്കാരനിൽ നിന്ന് വാങ്ങിയ ഓറഞ്ച് പണമില്ലാത്തതിന്റെ പേരില്‍ തിരിച്ചു നല്കിയ യാത്രക്കാരന് പൊതുജന മധ്യത്തില്‍ അവഹേളനം.
സംഭവം ചോദിക്കാനെത്തിയ പോലീസുകാരന് നേരെ വധഭീഷണി. ഇന്നലെ മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലാണ് നാടകീയമായ രംഗങ്ങള്‍ അരങ്ങേറിയത്.
പോലീസുകാരനെ ഭീഷണിപ്പെടുത്തിയതിനും ഉപഭോക്താവിനെ ചൂഷണം ചെയ്തതിനും കച്ചവടക്കാര്‍ക്കെതിരേ കേസെടുത്തു. പോലീസുകാരന്റെയും യാത്രക്കാരനായ ഉപഭോക്താവിന്റെയും പരാതിയിലാണ് നടപടി.
പൊതുജനമധ്യത്തിൽ പോലീസിനെ അപമാനിച്ചവർക്കെതിരേ കർശന നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമീഷണർ എ.വി.ജോർജ് നിർദേശം നൽകി.
മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലെ സെഞ്ച്വറി ബില്‍ഡിംഗിന് സമീപം പഴവര്‍ഗങ്ങള്‍ വില്‍പ്പന നടത്തുന്നിടത്താണ് സംഭവം. കച്ചവടക്കാരനില്‍ നിന്ന് യാത്രക്കാരനായ ചേളന്നൂര്‍ സ്വദേശി അനില്‍കുമാര്‍ ഒരു കിലോ ഓറഞ്ച് വാങ്ങി.
50 രൂപയായിരുന്നു വില. ഓറഞ്ച് വാങ്ങിയ ഉടന്‍ തുക നൽകി. കൈയിലുള്ള ബാക്കി പണം നോക്കിയ അനില്‍കുമാര്‍ ഓറഞ്ച് വേണ്ടെന്നും മറ്റു ആവശ്യങ്ങള്‍ക്ക് പണം ആവശ്യമാണെന്നും കച്ചവടക്കാരനോട് പറഞ്ഞു.
മകന് മരുന്നുവാങ്ങുനുള്ളതാണെന്ന് പറഞ്ഞ് ഓറഞ്ച് തിരിച്ചേൽപ്പിച്ചു. എന്നാല്‍ പണം നല്കാന് തയാറായില്ല. പറ്റുമെങ്കില്‍ വാങ്ങിക്കോ എന്ന് പറഞ്ഞു മറ്റുള്ളവര്‍ക്ക് മുന്നില്‍ വച്ച് അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി .
തുടര്‍ന്ന് മൊഫ്യൂസില്‍ ബസ്റ്റാന്‍ഡിലെ എയ്ഡ് പോസ്റ്റിലുള്ള പോലീസുകാരനോട് വിവരം പറഞ്ഞു. പരാതിയെ തുടര്‍ന്ന് കസബ സ്റ്റേഷനിലെ സിപിഒ ശൈലേഷ് ഡ്യൂട്ടിയിലുണ്ടായിരുന്നു ഹോംഗാര്‍ഡിനൊപ്പം സെഞ്ച്വറി കോപ്ലക്സിന് സമീപത്തെ കച്ചവടക്കാരന്റെ സമീപത്തെത്തി.
കാര്യം അന്വേഷിക്കുന്നതിനിടെ കച്ചവടക്കാരന്റെ പേരും മേല്‍വിലാസവും ചോദിച്ചതോടെ ഇയാള്‍ ക്ഷുഭിതനായെന്നാണ് പോലീസുകാരന്റെ പരാതി.
കച്ചവടക്കാരായ അഷ്റഫ്, സഹായത്തിനെത്തിയ മനോജ്, മുഹമ്മദ് റാഫി എന്നിവര്‍ അസഭ്യം പറയുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന് പോലീസുകാരന്റെ പരാതിയിൽ പറയുന്നു.
ഇവര്‍ കൈയേറ്റത്തിന് മുതിരുന്നതിന്റെ വീഡിയോ ഹാജരാക്കിയിട്ടുണ്ട്. രണ്ടു പരാതികളുടെയും അടിസ്ഥാനത്തില്‍ കസബ പോലീസ് അഷ്റഫ്, മനോജ്, മുഹമ്മദ് റാഫി , കണ്ടാലറിയാവുന്ന ഏതാനും പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഇതില്‍ അഷ്റഫാണ് ഓറഞ്ച് തിരിച്ചു വാങ്ങിയിട്ടും പണം നല്‍കാതിരുന്നതെന്നും പോലീസ് അറിയിച്ചു. അതേസമയം കടലാസിൽ പൊതിഞ്ഞു നൽകിയ ഓറഞ്ച് ഇടാൻ കവർ നൽകാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് വീഡിയോ ദൃശ്യത്തിൽ സൂചനയുണ്ട്.