അജിത് മാത്യു
കൽപ്പറ്റ: സ്വയം വിത്തുൽപാദിപ്പിക്കാനുള്ള കഴിവ് അപൂർവമായ ഓർക്കിഡ് ചെടികളിൽ പ്രത്യേക രീതിയിൽ പരാഗണം നടത്തി നൂറുകണക്കിന് ചെടികൾ ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം വിജയത്തിലെത്തിച്ച് വയനാട് അന്പലവയൽ സ്വദേശിയായ യുവാവ്.
മേപ്പാടി വിംസ് മെഡിക്കൽ കോളജിലെ സീനിയർ ഓപറേറ്റിംഗ് മാനേജർ ഡോ.വി.യു. സാബുവാണ് ഓർക്കിഡ് ചെടികളിൽ നടത്തിയ പരീക്ഷണത്തിൽ വിജയം കണ്ടത്.
പഠിച്ചതും ജോലി ചെയ്യുന്നതും വ്യത്യസ്ത മേഖലയിൽ ആണെങ്കിലും കുട്ടിക്കാലം മുതൽ ചെടികളോടുള്ള സ്നേഹമാണ് സാബുവിനെ ഓർക്കിഡ് ചെടികളോട് അടുപ്പിച്ചത്.
ഹെൽത്ത് കെയർ മാനേജ്മെന്റിൽ പിഎച്ച്ഡി നേടിയ സാബു ചെടികളുടെ പരിചരണത്തിലും കണ്ടുപിടുത്തങ്ങളിലും ഉയരങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഫലേനോപ്സിസ്, ഡെൻഡ്രോബിയം എന്നീ രണ്ടു ചെടികളിൽ പ്രത്യേക രീതിയിൽ പരാഗണം നടത്തി അതിന്റെ വിത്ത് ഉൽപാദിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഒരു വിത്തിൽനിന്നു നൂറുകണക്കിന് ചെടികൾ ഉൽപാദിപ്പിക്കാൻ ഈ പരീക്ഷണം വിജയത്തിലെത്തിയതോടെ സാബുവിന് കഴിഞ്ഞു.
കൂടാതെ വ്യത്യസ്ത രീതിയിലും നിറത്തിലുമുള്ള പൂക്കൾ ഇതിലൂടെ ഉത്പാദിപ്പിക്കാനാകും.
പല മേഖലകളിൽനിന്നും ചെടികൾ ശേഖരിച്ചുകൊണ്ടിരുന്ന സാബുവിനെ ലഭ്യത കുറഞ്ഞതും വിലവർധനയുമാണ് പരീക്ഷണത്തിന് മുതിരാൻ പ്രേരിപ്പിച്ചത്.
ആറുവർഷം മുന്പ് ചെറിയ രീതിയിൽ തുടങ്ങിയ ഓർക്കിഡ് പരിപാലനമാണ് ഇന്ന് 150 ഓളം ഇനങ്ങളിൽ വൈവിധ്യമാർന്ന നിറങ്ങളിലും രൂപത്തിലുമുള്ള ഓർക്കിഡ് ചെടികളുടെ ഉടമയാക്കിയത്.
സ്വന്തമായി വളർത്തിയെടുത്ത ഓർക്കിഡ് ചെടിക്ക് മകൾ ബെനിറ്റയുടെ പേരാണു നൽകിയിരിക്കുന്നത്.
ഓർക്കിഡ് ചെടികൾക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയുള്ള വയനാട്ടിൽ 76 ഇനം ഓർക്കിഡുകൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്.
കഴിഞ്ഞദിവസം അന്പലവയൽ ചീങ്ങേരി ഭാഗത്ത് നടത്തിയ പരിശോധനയിൽ തന്റെ പക്കലില്ലാത്ത പത്തോളം ഇനം വൈൽഡ് ഓർക്കിഡ് ചെടികളാണ് കണ്ടെത്തിയത്.
പ്രദേശത്തുള്ള ആദിവാസികളുടെ സഹായത്തോടെയാണ് ഇത്രയും ചെടികൾ കണ്ടെത്താനായതെന്ന് സാബു പറയുന്നു. മുന്പു ശേഖരിച്ച മുപ്പതോളം ഇനം വീട്ടിൽ പരിപാലിച്ച് വളർത്തുന്നുണ്ട്.
വീട്ടിലെത്തിച്ചുകഴിഞ്ഞാൽ ചെടികളുടെ ആവാസവ്യവസ്ഥയോട് സമാനമായ കാലാവസ്ഥ രൂപപ്പെടുത്തി അവയെ പരിചരിക്കുകയാണ് ചെയ്യുന്നത്.
മരം, കല്ല്, വലിയ പാറകൾ, മണ്ണ് തുടങ്ങിയ പ്രതലങ്ങളിൽ വളരുന്നവയ്ക്ക് അതിനനുയോജ്യമായ സാഹചര്യവും ജലസേചനത്തിന് മിസ്റ്റ് നനയും നൽകുന്നുണ്ട്.
കൂടാതെ ചെടികളെ ഹൃദയത്തോട് ചേർത്തുനിർത്തുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഫാമിൽ ചെടികൾക്കായി ഒരുക്കിയിരിക്കുന്ന മ്യൂസിക് സിസ്റ്റം.
ഫാമിലേക്ക് ആവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനും സോളാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. പ്രകൃതിയുടെ സംരക്ഷണത്തിനായി ഓർക്കിഡുകളുടെ നിലനിൽപ്പും അത്യന്താപേക്ഷിതമാണെന്ന് സാബു പറയുന്നു.
ചെടികളെക്കുറിച്ച് അറിയുന്നതിനും പഠിക്കുന്നതിനും വാങ്ങുന്നതിനുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്.
ജില്ലക്ക് പുറത്തുനിന്നുള്ള വിവിധ ഭാഗങ്ങളിൽനിന്നും തായ്ലൻഡ്, തായ്വാൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽനിന്നുമുള്ള ചെടികൾവരെ സാബുവിന്റെ ഫാമിലുണ്ട്.
രണ്ടായിരത്തിലധികം ചെടികൾ ഇപ്പോൾ നട്ടുപരിപാലിക്കുന്നുണ്ട്. അവയൽ ഫലേനോപ്സിസ്, കാറ്റ്ലിയ, ഡെൻഡ്രോബിയം, ഓണ്സിഡിയം, വാൻഡ എന്നി ഇനങ്ങളുടെ അപൂർവ ശേഖരം തന്നെയുണ്ട്. കൂടാതെ വിവിധ പ്രതലങ്ങളിൽ വളരുന്ന ഹൈഡ്രോപോണിക്സ്, ടെററിയം തുടങ്ങിയവയും വളർത്തുന്നുണ്ട്.
കുടുംബത്തിന്റെ പ്രോത്സാഹനവും പിന്തുണയുമാണ് തനിക്ക് ഏറ്റവും പ്രചോദനമായതെന്ന് ഇദ്ദേഹം പറയുന്നു.
ഭാര്യ ജിൻസി മേപ്പാടി വിംസ് മെഡിക്കൽ കോളജിലെതന്നെ ജീവനക്കാരിയാണ്. മക്കളായ ബേസിലും ബെനിറ്റയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. ഫോണ്-സാബു: 9747349061.