ആലപ്പുഴ: പശ്ചിമഘട്ടത്തിൽ പുതുതായി ഒരു ഓർക്കിഡ് സസ്യത്തെ കണ്ടെത്തി. പേര് ചിലോകിസ്ത കണ്ഫ്യൂസ.
ഒറ്റനോട്ടത്തിൽ ഇവ ഫാസിയേറ്റ എന്ന ഇനത്തെപോലെ തോന്നിക്കുന്നതുകൊണ്ടാണ് ഈ പേര് നിർദ്ദേശിക്കപ്പെട്ടത്.
കോഴിക്കോട് ജില്ലയിലെ കക്കാടുംപൊയിൽ നദീതീര വനമേഖലയിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. മഞ്ഞനിറത്തിൽ മനോഹരമായ പൂക്കൾ രൂപപ്പെടുന്ന ഇവ വലിപ്പമേറിയ മരങ്ങളുടെ ശാഖകളിൽ പറ്റിപിടിച്ചു വളരുന്നു.
ചിലോകിസ്ത വിഭാഗത്തിൽ കേരളത്തിൽ കാണപ്പെടുന്ന മൂന്നാമത്തെ സസ്യമാണിത്. തേൻ സംഭരണത്തിനായി രൂപപ്പെടുത്തിയിരിക്കുന്ന ചെറിയ അറയും രോമാവൃതമായ മധ്യദളവും ഇവയെ ഈ വിഭാഗത്തിലെ മറ്റു സസ്യങ്ങളിൽ നിന്നും വേർതിരിക്കുന്നു.
ആലപ്പുഴ എസ്ഡി കോളജിലെ സസ്യശാസ് ത്രവിഭാഗം അധ്യാപകൻ ഡോ. ജോസ് മാത്യു, പന്തളം തുന്പമണ് സ്വദേശിയും ഓർക്കിഡ് സംരക്ഷകനുമായ മാത്യു ജോസ് മാത്യു, വയനാട് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിലെ സലിം പിച്ചൻ, പോളണ്ടിലെ ഓർക്കിഡ് ഗവേഷകൻ ഡോ. ദാരിസുസ് എന്നിവരാണ് ഈ കണ്ടെത്തലിനു പിന്നിൽ.
ഈ വിഭാഗത്തിൽപെടുന്ന ഏതാനും സസ്യങ്ങളെ മാത്രമേ കക്കാടുംപൊയിലിൽ കണ്ടെത്താൻ ആയുള്ളുവെങ്കിലും അവയിൽ ഒന്നിനെ സംരക്ഷണ പ്രാധാന്യം കണക്കിലെടുത്തു തന്റെ ഓർക്കിഡേറിയത്തിൽ സംരക്ഷിക്കുന്നുണ്ടെന്ന് മാത്യു ജോസ് മാത്യു സംസാരിച്ചു.
കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന 15 ഓർക്കിഡുകളെ കേരളമേഖലയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പുതിയ സസ്യം അടക്കം ഇവയിൽ ഏറെയും അലങ്കാരസസ്യമായി രൂപപ്പെടുത്താൻ കഴിയുന്നവയുമാണ്. ഹെൽസിങ്കിയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അനൽസ് ബോട്ടാണിസി ഫിനിസി എന്ന ശാസ്ത്രമാസികയുടെ പുതിയ പതിപ്പിൽ കണ്ടെത്തൽ സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഉണ്ട്.