തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സ് മടക്കി ഗവര്‍ണര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി.
ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. തിങ്കളാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ വാര്‍ഡുകളിലും ഒരു വാര്‍ഡ് അധികമായി പുനര്‍വിഭജനം നടത്താനുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കാന്‍ തീരുമാനിച്ചത്.
ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവച്ച ശേഷം വെള്ളിയാഴ്ച മന്ത്രിസഭാ യോഗം ചേര്‍ന്ന് ജൂണ്‍ 10 മുതല്‍ നിയമസഭാ സമ്മേളനം വിളിക്കാനായിരുന്നു നീക്കം. എന്നാല്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ സഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാനും സര്‍ക്കാരിന് കഴിയില്ല.
സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ചാല്‍ ഓര്‍ഡിനന്‍സിന് പകരം ബില്ല് കൊണ്ടുവരേണ്ടി വരും. ഈ സാഹചര്യത്തില്‍ അടിയന്തരമായി ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.