സമൂഹ മാധ്യമങ്ങളിൽ ഇപ്പോള്‍ നിറഞ്ഞിരിക്കുന്നത് പുതിയ ഭക്ഷണ പരീക്ഷണങ്ങളുടെ വീഡിയോകളാണ്. ഒരിക്കല്‍പോലും ചിന്തിച്ച് നോക്കാത്ത കൂട്ടുകെട്ടുകളായിരിക്കും അവ. നല്ല വിശപ്പുള്ള സമയത്ത് ഫ്രൈഡ് റൈസ് കിട്ടിയാല്‍ ആരെങ്കിലും കഴിക്കാതിരിക്കുമോ? എന്നാല്‍ ചോക്ലേറ്റ് ചേര്‍ത്ത ഫ്രൈഡ് റൈസ് ആയാലോ? ഇത്തരത്തില്‍ പുതിയൊരു കൂട്ടുകെട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്.
വീഡിയോ തുടങ്ങുമ്പോള്‍ ഒരു മനുഷ്യന്‍ പാത്രത്തില്‍ എണ്ണ ചൂടാക്കി അതിലേക്ക് നിരവധി ഓറിയോ ബിസ്‌ക്കറ്റുകള്‍ ചേര്‍ക്കുന്നത് കാണാം. തുടര്‍ന്ന് ഈ ബിസ്‌ക്കറ്റുകള്‍ ചതച്ച് പേസ്റ്റാക്കി വയ്ക്കും.
അല്പസമയത്തിന് ശേഷം അയാള്‍ ഒരു പാത്രത്തില്‍ വേവിച്ച അരിയും കാരറ്റും ഉപ്പുമൊക്കെ ചേര്‍ക്കുന്നു. പിന്നാലെ ഇതിലേക്ക് സോയ സോസ് ഒഴിച്ച് ഓറിയോ ഫ്രൈഡ് റൈസ് ഉണ്ടാക്കുന്നു. അവസാനം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വിഭവത്തെ കാരറ്റും പച്ചഉള്ളിയുമൊക്കെ ചേര്‍ത്ത് അലങ്കരിക്കുന്നതും കാണാം.
വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധി പേര്‍ രംഗത്തെത്തി. ഈ വിഭവം കണ്ടിട്ടുതന്നെ വെറുപ്പ് തോന്നുന്നെന്നും, ഇത്തരം വിഭവങ്ങള്‍ ഉണ്ടാക്കാനായി ഭക്ഷണം പാഴാക്കരുതെന്നും മുന്‍പും ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ കണ്ടിരുന്നു എന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നു.
https://www.instagram.com/reel/CoUAPqLJPZT/?utm_source=ig_web_copy_link