മനുഷ്യന്റെയും പന്നിയുടെയും സങ്കര വര്‍ഗം ശാസ്ത്രജ്ഞന്മാര് വിജയകരമായി വികസിപ്പിച്ചെടുത്തു. ലോകത്തില്‍ ഇത് ആദ്യമായാണ് തീര്‍ത്തും വ്യത്യസ്തമായ രണ്ട് ഗണത്തില്‍പ്പെട്ട ജീവികളെ സംയോജിപ്പിച്ച് ഒരു സങ്കരയിനത്തെ വികസിപ്പിച്ചെടുക്കുന്നത്. കൈമെറാ എന്നാണ് പുതിയ സങ്കരയിനത്തിന് ശാസ്ത്രജ്ഞമാര്‍ പേരിട്ടിരിക്കുന്നത്. അവയവമാറ്റത്തിന് ആവശ്യമായ ഹൃദയം, കരള്‍, കിഡ്നി എന്നിവ വികസിപ്പിച്ചെടുക്കുന്നതിനാണ് പുതിയ കണ്ടുപിടുത്തം.
രോഗികള്‍ക്ക് മാറ്റിവെക്കുന്നതിന് ആവശ്യമുള്ള കോശങ്ങളും, അവയവങ്ങളും വികസിപ്പിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ആദ്യ ചുവടുവയ്പ്പാണിതെന്ന് കൈമെറ പന്നിയെ വികസിപ്പിച്ചെടുത്ത സംഘത്തെ നയിച്ച കാലിഫോര്‍ണിയയിലെ സാള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബയോളജിക്കല്‍ സ്റ്റഡീസിലെ ജുവാന്‍ കാര്‍ലോസ് ബെല്‍മോന്റെ പറയുന്നു. മനുഷ്യനും പന്നിയുടെയും സങ്കരയിനം വികസിപ്പിച്ചെടുക്കുന്നതിന് എതിരെ നിരവധി ധാര്‍മിക പ്രശ്നങ്ങള്‍ ഉന്നയിക്കപ്പട്ടിരുന്നു. മാനുഷിക കഴിവുകളുള്ള ഒരു മൃഗം അവതരിപ്പിക്കപ്പെട്ടാലുള്ള അപകട സാധ്യതതകളെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ക്ക് ശേഷമാണ് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത്, ഉപാധികളോടെ പരീക്ഷണങ്ങള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിച്ചത്.
പന്നിയുടെ ഭ്രൂണത്തില്‍ മനുഷ്യ കോശങ്ങള്‍ കടത്തിവിട്ട് കൊണ്ടായിരുന്നു പരീക്ഷണം. ഇത്തരം 2,000 സങ്കര ഭ്രൂണങ്ങള്‍ പെണ്പന്നികളിലേക്ക് മാറ്റി. 150ല്‍ അധികം കൈമെറ പന്നികളാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. പന്നികളോട് തന്നെയാണ് സാദൃശ്യം എങ്കിലും, ഇവയുടെ 10,000 കോശങ്ങളില്‍ ഒന്ന് മനുഷ്യന്റേതാണ്. അവയവങ്ങള്‍ മാറ്റിവെക്കേണ്ടി വരുമ്പോള്‍ കൈമെറയില് നിന്നും യോജിക്കുന്ന അവയവങ്ങള്‍ തെരഞ്ഞെടുക്കാനാകുമെന്നാണ് ശാസാത്രജ്ഞന്മാരുടെ കണക്ക് കൂട്ടല്‍. മനുഷ്യ കോശങ്ങള്‍ ഇവയുടെ തലച്ചോറിലേക്ക് കടക്കാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് കൈമെറ പന്നികളെ സൃഷ്ടിച്ചിരിക്കുന്നത്. ഗ്രീക്ക് മിത്തനുസരിച്ച് സങ്കരയിനം മൃഗത്തിന്റെ പേരാണ് കൈമെറ.